ഡബ്ലിൻ: ഡബ്ലിൻ- മെയ്നൂത്ത് റൂട്ടിൽ ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം വരും. വടക്കൻ ഡബ്ലിനിലെ റെയിൽ പാലത്തിൽ തകരാർ കണ്ടെത്തിയതിനാൽ അറ്റകുറ്റപ്പണി ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് ട്രെയിനുകൾക്കായി താത്കാലിക സമയക്രമം ഏർപ്പെടുത്തുന്നത്. പുതിയ ടൈം ടേബിൾ അടുത്താഴ്ചയോടെ അധികൃതർ പുറത്തുവിടും.
ഈ മാസം ആദ്യം ഡ്രംകോൺഡ്ര സ്റ്റേഷന്റെ പടിഞ്ഞാറേ അറ്റത്തുള്ള സെന്റ് പാട്രിക്സ് റോഡിലെ പാലത്തിൽ നടത്തിയ പരിശോധനയിലാണ് തകരാർ കണ്ടെത്തിയത്. ഇതിന് പിന്നാലെ ഡ്രംകോൺഡ്ര സ്റ്റേഷൻ വഴിയുള്ള ട്രെയിനുകൾക്ക് കാലതാമസം നേരിടുന്നുണ്ട്. ഒരു സമയം ഒരു ട്രെയിൻ മാത്രമാണ് പാലം വഴി കടത്തിവിടുന്നത്. പ്രശ്നം പരിഹരിക്കുന്നതിനായി ഏകദേശം മൂന്ന് മാസത്തെ ജോലികൾ നടത്തേണ്ടത് ആവശ്യമാണ്. ഈ ദിവസങ്ങളിലെല്ലാം പുതിയ സമയക്രമം പാലിച്ചായിരിക്കും ട്രെയിനുകൾ സർവ്വീസ് നടത്തുക.

