ആരോഗ്യത്തിന് ഏറെ ഗുണകരമായ പഴങ്ങളിൽ ഒന്നാണ് ആപ്പിൾ. നാരുകൾ , പൊട്ടാസ്യം,വിറ്റാമിൻ സി എന്നിവയാൽ സമ്പുഷ്ടം. എന്നാൽ ആപ്പിൾ മുറിച്ചുവച്ചതിന് ശേഷം കഴിക്കാമോയെന്നാണ് പലരുടെയും സംശയം. ആപ്പിൾ മുറിച്ചു വച്ചാൽ അല്പസമയത്തിനുള്ളിൽ നിറവ്യത്യാസം വരും എന്നത് തന്നെയാണ് ഈ സംശയത്തിന് കാരണം.
ആപ്പിൾ മുറിച്ച് വയ്ക്കുമ്പോൾ അതിന്റെ നിറം മാറുന്നതിന്റെ പ്രധാന കാരണം എൻസൈമാറ്റിക് ബ്രൗണിംഗ് എന്ന പ്രക്രിയയാണ്. ആപ്പിളിനുള്ളിലെ പോളിഫെനോൾ ഓക്സിഡൈസ് എന്ന എൻസൈം പുറം വായുവിലെ ഓക്സിജനുമായി സമ്പർക്കം പുലർത്തുന്നു . ഇത് വഴി ക്വിനോണുകൾ എന്നറിയപ്പെടുന്ന സംയുക്തങ്ങൾ ഉണ്ടാകുന്നു. . ഇതാണ് ആപ്പിളിലെ നിറം മാറ്റത്തിന് കാരണം.
ആപ്പിളിൽ മാത്രമല്ല വാഴപ്പഴം, പേരയ്ക്ക എന്നിവയിലും സമാനമായ നിറം മാറ്റം കാണാം. ആപ്പിളിന്റെ നിറം വ്യത്യാസം എന്നത് കൊണ്ട് അത് കേടായി എന്നല്ല അർത്ഥമാക്കുന്നത് . എങ്കിലും വളരെ നേരമായി മുറിച്ച് വച്ചിരുന്ന ആപ്പിളിൽ നിന്നും മണം വരികയോ, പൂപ്പൽ കാണുകയോ മറ്റോ ചെയ്താൽ അവ ഉപയോഗിക്കരുത്.
മുറിച്ച ആപ്പിൾ കൂടുതൽ നേരം പുതുമയോടെ സൂക്ഷിക്കാൻ ചില വഴികൾ
നാരാങ്ങാ നീര് ; മുറിച്ച് വച്ച് ആപ്പിൾ കഷണങ്ങൾ നാരങ്ങാനീര് പുരട്ടുന്നത് ഓക്സീകരണ പ്രക്രിയ മന്ദഗതിയിലാക്കും.
തണുത്ത വെള്ളം : മുറിച്ച ആപ്പിൾ കഷണങ്ങൾ തണുത്ത വെള്ളത്തിൽ സൂക്ഷിച്ചാൽ വായുസമ്പർക്കം കുറയ്ക്കാം.
വായു കടക്കാത്ത പാത്രം: ആപ്പിൾ കഷ്ണങ്ങൾ വായു കടക്കാത്ത പാത്രത്തിൽ ഇട്ട് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതും നിറം മാറ്റം തടയും.

