ഡബ്ലിൻ: ദ്രോഗെഡയിൽ സ്കൂൾ വിദ്യാർത്ഥിനിയുൾപ്പെടെ നാല് പേരെ ലൈംഗികമായി പീഡിപ്പിച്ച പ്രതി അറസ്റ്റിൽ. 23 വയസ്സുള്ള യുവാവിനെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ഡണ്ടാൽക്ക് ജില്ലാ കോടതിയിൽ ഹാജരാക്കി. പ്രതിയുടെ പേരോ മറ്റ് വിവരങ്ങളോ പോലീസ് പുറത്തിവിട്ടിട്ടില്ല.
നവംബർ 11 നും 15 നും ഇടയിൽ ആയിരുന്നു അതിക്രമങ്ങൾ ഉണ്ടായത്. 11 ാം തിയതി പിതാവിനെ കാത്ത് നിൽക്കുകയായിരുന്ന വിദ്യാർത്ഥിനിയെ പ്രതി ബലമായി ചുംബിയ്ക്കാൻ ശ്രമിക്കുകയായിരുന്നു. കുട്ടി ഭയന്ന് നിലവിളിച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു. നവംബർ 15 നായിരുന്നു മറ്റ് മൂന്ന് സംഭവങ്ങൾ റിപ്പോർട്ട് ചെയ്തത്. രണ്ട് യുവതികളെ ഇയാൾ ബലമായി ചുംബിയ്ക്കുകയും സ്വകാര്യഭാഗങ്ങളിൽ സ്പർശിക്കുകയുമായിരുന്നു. മറ്റൊരു യുവതിയെ ഇയാൾ കെട്ടിയിട്ട് പീഡിപ്പിച്ചു. ഈ പെൺകുട്ടിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ബാക്കി മൂന്ന് പേരും പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

