കണ്ണൂർ : കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരനും, തലശ്ശേരി മുൻ എം എൽ എ എം വി രാജഗോപാലന്റെ മകനുമായ എസ് ആർ വിനയകുമാർ സിപിഎം വിട്ടു. തിരുവനന്തപുരം കേശവദാസപുരം ബ്രാഞ്ച് അംഗമായിരുന്ന വിനയകുമാർ ഇത്തവണ പാർട്ടി അംഗത്വം പുതുക്കിയില്ല. പാർട്ടിയിൽ പിണറായിസം മാത്രമാണ് നില നിൽക്കുന്നതെന്നും, കമ്യൂണിസ്റ്റ് മൂല്യങ്ങൾ നഷ്ടപ്പെട്ട പാർട്ടിയിൽ ഇനി തുടരുന്നുതിൽ അർത്ഥമില്ലെന്നും, കോടിയേരി ബാലകൃഷ്ണനോട് പാര്‍ട്ടി നീതി കാണിച്ചില്ലെന്നുമാരോപിച്ചാണ് അംഗത്വം പുതുക്കാതിരുന്നതെന്ന് വിനയകുമാര്‍ പറഞ്ഞു.
‘ പിണറായിയ്ക്കും ചുറ്റും കറങ്ങുന്ന ഉപഗ്രഹമായി മാറിയിരിക്കുകയാണ് പാർട്ടി നേതൃത്വം. ഞാൻ ഒരു സാധാരണ പാർട്ടി പ്രവർത്തകൻ മാത്രമാണ് . അഞ്ചേകാൽ ലക്ഷം അംഗങ്ങളിൽ ഒരാൾ . 2022 ഒക്ടോബർ 1 മുതൽ പാർട്ടിയിൽ നിന്ന് മാറുന്നതിനെ കുറിച്ച് ആലോചിച്ചതാണ്. അന്നേ ദിവസത്തിന്റെ പ്രത്യേകത എല്ലാവർക്കും അറിയാം. പാർട്ടിയിൽ കോടിയേരിയ്ക്ക് അർഹിക്കുന്ന പ്രാതിനിധ്യം കിട്ടിയില്ലെന്ന് മാത്രമല്ല , മറ്റ് ചിലർക്ക് അനർഹമായ പരിഗണന കൊടുക്കുകയും ചെയ്യുന്നു. പിണറായിയെയും , എം വി ഗോവിന്ദനെയും നേതാക്കന്മാരായി അംഗീകരിച്ചതാണ് അണികൾക്ക് പറ്റിയ തെറ്റ് ‘ – വിനയകുമാര്‍ പറഞ്ഞു.
പിണറായി വിജയൻ എന്നാൽ സിപിഎമ്മെന്നും , സിപിഎം എന്നാൽ പിണറായി എന്നുമാണ് എം വി ഗോവിന്ദൻ പറയുന്നത് . പാർട്ടിയിൽ കമ്യൂണിസ്റ്റ് ആശയങ്ങൾക്കൊന്നും ഒരു സ്ഥാനവുമില്ല . കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ് പാർട്ടിയിൽ നടക്കുന്നത് . കുറേ കാലമായി പാർട്ടിയിൽ വേറെ ഒന്നും നടക്കുന്നില്ല. പിണറായി വിജയന്റെ കുടുംബവുമായി ബന്ധപ്പെട്ട കേസുകളിലും , അതിനെ പ്രതിരോധിക്കുന്നതിലുമാണ് പാർട്ടിയുടെ ശ്രദ്ധ. പാർട്ടി ചരിത്രത്തിൽ ഇല്ലാത്ത തോൽ വി ഏറ്റുവാങ്ങിയിട്ട് പോലും തിരുത്താൻ തയ്യാറാകുന്നില്ല.
ഇതെല്ലാം തിരുത്താനെന്ന പേരിൽ വിളിച്ചു ചേർത്ത യോഗത്തിൽ ഗോവിന്ദൻ പറഞ്ഞത് താനോ , പിണറായിയോ മാറില്ലെന്നാണ്. വീഴ്ചകള്‍ അണികളുടെ തലയില്‍ കെട്ടിവെക്കാനാണ് ശ്രമിക്കുന്നത്. പാര്‍ട്ടിയില്‍ അടിമയായി തുടരുന്നതില്‍ അര്‍ഥമില്ല. നേതൃത്വത്തിന് സ്തുതി പാടുന്നവർക്ക് മാത്രമാണ് നിലവിൽ പരിഗണന ലഭിക്കുന്നതെന്നും ‘ വിനയകുമാർ ആരോപിച്ചു.
‘ വാർത്ത കണ്ട് സഹോദരി വിനോദിനി വിളിച്ചിരുന്നു. അവരോട് ഇക്കാര്യം പറഞ്ഞിട്ടുണ്ട്. അവരുമായി ആലോചിച്ചല്ല ഇക്കാര്യം തീരുമാനിച്ചത്. വ്യക്തിപരമായി ഈ നേതൃത്വം തന്നെ ഒരുപാട് ദ്രോഹിച്ചിട്ടുണ്ട്. കോടിയേരിയോട് ഇപ്പോഴത്തെ നേതൃത്വം കാണിച്ചത് നന്ദികേടാണ്.
പിണറായിയുടെ മകൾക്ക് സമാനമായ അനുഭവം കോടിയേരിക്ക് ഉണ്ടായപ്പോൾ പാർട്ടി എടുത്ത നിലപാട് എന്തായിരുന്നു, പിണറായി ചെയ്തത് എന്തായിരുന്നു. ഇതായിരുന്നോ അവർ തമ്മിലുള്ള ഊഷ്മള ബന്ധം. വേറെ ഏതെങ്കിലും പാർട്ടിയിലേയ്ക്ക് പോകാൻ വേണ്ടിയല്ല അംഗത്വം പുതുക്കാതിരുന്നതെന്നും പാർട്ടിയിലെ തെറ്റു തിരുത്താത്ത ചിലരുടെ സമീപനമാണിതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി നേതൃത്വത്തിനെ പരോക്ഷമായി വിമർശിച്ച് ഇടക്കാലത്തായി വിനോദിനിയും രംഗത്തെത്തിയിരുന്നു. വീണ വിജയനുമായി ബന്ധപ്പെട്ട ഇഡി കേസുകളിൽ പിണറായിയെ പാർട്ടി പ്രതിരോധിച്ച വേളയിൽ അണികളും ബിനീഷ് കോടിയേരിയുമായി ബന്ധപ്പെട്ട കേസുകളും അതിൽ പാർട്ടി നിലപാടും ചൂണ്ടിക്കാട്ടിയിരുന്നു.

