ഗുവാഹത്തി : അസമിലെ കാസിരംഗയിൽ ട്രക്കും മിനിബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 24 മരണം . ഏഴ് പേർക്ക് പരിക്ക്. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന.
ബൊകാഖാത്തിൽ നിന്ന് നാഗോണിലേക്ക് പോവുകയായിരുന്ന മിനിബസിൽ ട്രക്ക് ഇടിച്ചാണ് അപകടമുണ്ടായത് . കാസിരംഗയ്ക്ക് സമീപമുള്ള റോംഗജാനിൽ അപകടം നടന്നത്. ‘ മരണസംഖ്യ അതിവേഗം ഉയരുകയാണ്. മരിച്ചവരെ തിരിച്ചറിയാനുള്ള നടപടികൾ നടന്നു വരികയാണ് ‘ – ഗോലഘട്ട് ജില്ലാ എക്സിക്യൂട്ടീവ് മജിസ്ട്രേട്ട് പറഞ്ഞു.
കൂട്ടിയിടിയുടെ ആഘാതത്തിൽ മിനി ബസ് പൂർണ്ണമായും തകർന്നു. പല യാത്രക്കാരും ബസിൽ കുടുങ്ങിയ നിലയിലായിരുന്നു . പൊലീസും, നാട്ടുകാരും എത്തിയാണ് രക്ഷാപ്രവർത്തനം ആരംഭിക്കുകയും , വാഹനത്തിനുള്ളിൽ കുടുങ്ങിയവരെ പുറത്തെടുക്കുകയും ചെയ്തത്.
ബസിൽ നിന്ന് മൃതദേഹങ്ങൾ പുറത്തെടുക്കുന്നതേയുള്ളൂ, അതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് ഗോലഘട്ട് എസ് പി സ്വപ്നനീൽ ഡേക പറഞ്ഞു. പരിക്കേറ്റവരെ ചികിത്സയ്ക്കായി കോഹോറ മോഡൽ ആശുപത്രിയിലേയ്ക്ക് മാറ്റി . ഇവരിൽ പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം.
‘ പാർക്കിന് സമീപത്തെ നിയന്ത്രണങ്ങൾ ലംഘിച്ച് ബസ് അമിതവേഗതയിലാണ് സഞ്ചരിച്ചിരുന്നത് . മിനി ബസ് ഡ്രൈവറുടെ നിയന്ത്രണം നഷ്ടപെട്ടതാണ് ട്രക്കുമായി കൂട്ടിയിടിക്കാൻ കാരണമെന്നാണ് നിഗമനം ‘ – പൊലീസ് പറഞ്ഞു.

