ന്യൂഡൽഹി : ഔദ്യോഗിക ചടങ്ങുകളിൽ കണ്ടുമുട്ടാറുണ്ടെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തനിക്ക് സൗഹൃദമില്ലെന്ന് കോൺഗ്രസ് നേതാവ് സോണിയാഗാന്ധി. തന്റെ ആത്മകഥയായ ‘ബിലോങ്ങിംഗ്: എ ജേർണി ഓഫ് ലവ്’ എന്ന പുസ്തകത്തിലാണ് സോണിയ ഇക്കാര്യം പറയുന്നത് . പുസ്തകം ഇന്നാണ് പുറത്തിറങ്ങുന്നത്.
‘ ഈ പുസ്തകം എഴുതുമ്പോൾ നരേന്ദ്രദാമോദർ ദാസ് മോദി പന്ത്രണ്ട് വർഷത്തിലേറെയായി ഇന്ത്യയുടെ പ്രധാനമന്ത്രിയായി തുടരുകയാണ്. ഇപ്പോൾ അദ്ദേഹം തന്റെ മൂന്നാം ഊഴത്തിലാണ് . ഇന്നുവരെ അദ്ദേഹവുമായി എനിക്ക് കാര്യമായ യാതൊരു ബന്ധവുമില്ല. തമ്മിൽ കാണുമ്പോൾ ‘ നമസ്തേ ‘ പറഞ്ഞ് അഭിവാദ്യം ചെയ്യാറുണ്ടെങ്കിലും പ്രധാനമന്ത്രി കണ്ണുകളിലേയ്ക്ക് നോക്കാതെ മുഖം തിരിച്ചു കളയുകയാണ് പതിവ്. മുൻകാലങ്ങളിൽ നേതാക്കൾ തമ്മിലുണ്ടായിരുന്ന സൗഹൃദപരമായ പെരുമാറ്റത്തിൽ നിന്ന് വ്യത്യസ്തമാണിത്.
അർധ – ഔദ്യോഗിക ചടങ്ങുകളിൽ ഞങ്ങൾ കണ്ടുമുട്ടാറുണ്ട് . ഉദാഹരണത്തിന്, ഓരോ പാർലമെന്റ് സമ്മേളനവും അവസാനിക്കുമ്പോൾ പ്രധാന പാർട്ടികളിലെ നേതാക്കൾ സ്പീക്കറുടെ ചേംബറിൽ ഒത്തു കൂടാറുണ്ട്. അതൊരു ചെറിയ മുറിയാണ്. അവിടെ പലപ്പോഴും ധാരാളം ആളുകൾ ഉണ്ടാകാറുണ്ട്.എന്നാൽ അദ്ദേഹം എന്റെ മുന്നിൽ വരുമ്പോൾ പരസ്പരം ഞങ്ങൾ നമസ്തേ പറയാറുണ്ട്. ഇത്തരം ഹ്രസ്വമായ കൂടിക്കാഴ്ച്ചകൾക്കപ്പുറം ഞങ്ങൾ തമ്മിൽ ഒരിക്കലും കാര്യമായ സംഭാഷണങ്ങൾ ഉണ്ടായിട്ടില്ല. എങ്കിലും വർഷങ്ങളായി ജന്മദിനങ്ങളിലും, പുതുവത്സരദിനങ്ങളിലും പരസ്പരം ആശംസകൾ അറിയിക്കാറുണ്ട്.ആശുപത്രിയിൽ ചികിത്സ കഴിഞ്ഞ് മടങ്ങിയ സമയത്ത് ‘ നിങ്ങൾക്ക് സുഖമാണോ ‘ എന്ന് തിരക്കുമായിരുന്നു. ‘ അതെ സുഖമാണ് നന്ദി ‘ എന്ന് ഞാൻ മറുപടിയും നൽകുമായിരുന്നു. ‘ എന്നും സോണിയ പറയുന്നു.
മോദിയുടെ ഇന്ത്യ എന്ന സങ്കൽപ്പം രൂപപ്പെടുത്തിയത് ആർ എസ് എസ് സൈദ്ധാന്തികരാണേന്നും സോണിയ പറയുന്നു. അതിൽ അദ്ദേഹത്തിന്റെ വിശ്വാസത്തിനും , സംസ്ക്കാരത്തിനുമാണ് ഊന്നൽ നൽകുന്നത് . താൻ ഇന്ത്യയെ പറ്റി മനസിലാക്കിയത് തന്റെ കുടുംബാംഗങ്ങളിൽ നിന്നാണ്. വിവിധ വംശങ്ങളെയും സംസ്കാരങ്ങളെയും ഭാഷകളെയും വിശ്വാസങ്ങളെയും ഉൾക്കൊള്ളുന്ന ഒരു രാഷ്ട്രത്തെക്കുറിച്ചുള്ള കാഴ്ച്ചപ്പാടാണത്.അദ്ദേഹം അദ്ദേഹത്തിന്റേതായ ഇന്ത്യ എന്ന കാഴ്ച്ചപ്പാടിനായി പോരാടുമ്പോൾ താൻ തന്റേതായ ഇന്ത്യയ്ക്ക് വേണ്ടിയാണ് നില കൊണ്ടതെന്നും സോണിയ പറയുന്നു.

