ഡബ്ലിൻ: പൊതുമേഖലാ ജീവനക്കാരുടെ ശമ്പളവുമായി ബന്ധപ്പെട്ട് സർക്കാർ മുന്നോട്ടുവച്ച വാഗ്ദാനം വിശ്വാസത്തോടെ സ്വീകരിക്കണമെന്ന് ട്രേഡ് യൂണിയനുകളോട് ധനമന്ത്രി സൈമൺ ഹാരിസ്. പുതിയ ശമ്പള കരാറുമായി ബന്ധപ്പെട്ട് സർക്കാർ പ്രതിനിധികളും ട്രേഡ് യൂണിയൻ നേതാക്കളുമായുള്ള ചർച്ചകൾ തുടരുന്നതിനിടെ ആണ് അദ്ദേഹത്തിന്റെ പ്രതികരണം.
വാരാന്ത്യം വരെയുള്ള ചർച്ചയ്ക്ക് പിന്നാലെ 10.5 ശതമാനം ശമ്പള വർധനവ് നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തിലാണ് സർക്കാരിന്റെ വാഗ്ദാനം സ്വീകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെടുന്നത്. ബ്രസ്സൽസിൽ നടന്ന യൂറോഗ്രൂപ്പ് യോഗത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ധനമന്ത്രി.
തർക്കം പരിഹരിക്കുന്നതിന് വേണ്ടിയാണ് സർക്കാർ പരിശ്രമങ്ങൾ. ദിവസങ്ങൾ നീണ്ട ചർച്ചകളുടെ ഫലമായി സർക്കാർ മികച്ച ഓഫർ മുന്നോട്ടുവച്ചിട്ടുണ്ട്. ഈ വാഗ്ദാനത്തെ ട്രേഡ് യൂണിയനുകൾ വിശ്വാസത്തോടെ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുകയാണെന്നും സൈമൺ ഹാരിസ് കൂട്ടിച്ചേർത്തു.

