ചങ്ങനാശേരി : തീ പടർത്തി കാറിൽ അമിതവേഗതയിൽ പാഞ്ഞ് പതിനെട്ടുകാരൻ .നിരവധി വാഹങ്ങളിൽ കാറിടിച്ച് ഒട്ടേറെ പേർക്ക് പരിക്കേറ്റു. പായിപ്പാട് മുതൽ തെങ്ങണ കണ്ണവട്ട വരെയാണ് പതിനെട്ടുകാരൻ അമിതവേഗതയിൽ പാഞ്ഞത് . വാഹനങ്ങളിൽ ഇടിച്ച് ടയർ പൊട്ടിയ കാർ റോഡിലുടെ തീ പറത്തിയാണ് പാഞ്ഞത് . മറ്റ് വാഹനങ്ങളിൽ പിന്തുടർന്നെത്തിയ നാട്ടുകാരാണ് തടഞ്ഞ് പതിനെട്ടുകാരനെ പൊലീസിന് കൈമാറിയത്.
ഇന്നലെ വൈകിട്ട് ആറരയോടെയാണ് സംഭവം . തിരുവക്ക സ്വദേശിയായ ഗോകുൽ വിനുവാണ് കാറോടിച്ചിരുന്നത് . ആശാരിമുക്ക് ഭാഗത്തുവച്ച് സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചുവീഴ്ത്തിയശേഷം സ്കൂട്ടറിനു മുകളിലൂടെയാണു കാർ പാഞ്ഞുപോയത്. യുവതി റോഡരികിലേക്കു തെറിച്ചു വീണതിനാൽ കാറിനടിയിൽ കുടുങ്ങാതെ രക്ഷപ്പെട്ടു. സ്കൂട്ടർ പൂർണമായും തകർന്നു.
ഓട്ടത്തിനിടെയിൽ കാറിന്റെ ടയർ പൊട്ടി,ഗതാഗതത്തിരക്കേറിയ വാഴൂർ റോഡിലൂടെ തീ പറത്തിയാണ് കാർ പാഞ്ഞത് . പലരും വാഹനങ്ങൾ വെട്ടിച്ച് മാറ്റിയാണ് രക്ഷപെട്ടത് . ഇതിനിടെ നാട്ടുകാരായ യുവാക്കൾ പലരും കാറിനെ സ്വന്തം വാഹനങ്ങളിൽ പിന്തുടരുന്നുണ്ടായിരുന്നു.തെങ്ങണ ജംഗ്ഷൻ കഴിഞ്ഞ് കാർ കണ്ണവട്ട ഇറക്കത്തിലേയ്ക്ക് കുതിക്കുന്നതിനിടെ ടയർ പ്ലേറ്റ് ഉരഞ്ഞ് വേഗം കുറഞ്ഞതോടെ മറ്റ് വാഹനങ്ങളിൽ പിന്തുടർന്നവർ കാറിനെ തടയുകയായിരുന്നു.
രോഷാകുലരായ നാട്ടുകാർക്കിടയിൽ നിന്ന് ശ്രമകരമായാണ് പതിനെട്ടുകാരനെ തൃക്കൊടിത്താനം സ്റ്റേഷനിലെത്തിച്ചത് . ലഹരി ഉപയോഗിച്ചിരുന്നതായി സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു . പതിനെട്ടുകാരനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി . എത്ര വാഹനങ്ങളും , ആളുകളുമാണ് അപകടത്തിൽപ്പെട്ടതെന്ന കണക്ക് ലഭ്യമായിട്ടിലെന്ന് പൊലീസ് പറഞ്ഞു. പരുക്കേറ്റ പലരും സമീപപ്രദേശങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടി.

