വയനാട്: തിരുനെല്ലിയിലെ ജനവാസ കേന്ദ്രത്തിൽ ഓടിക്കളിച്ച് വാർത്തകളിൽ നിറഞ്ഞ ആനക്കുട്ടിയെ ഒടുവിൽ മുത്തങ്ങ ആനത്താവളത്തിലെത്തിച്ച് വനപാലകർ. മൂന്ന് ദിവസങ്ങൾക്ക് മുൻപാണ് ആനക്കുട്ടി തിരുനെല്ലിയിലെ മുള്ളങ്കൊല്ലി മേഖലയിൽ ഇറങ്ങിയത്. അവിടെ നിന്നും വനപാലകർ പിടികൂടിയ ആനക്കുട്ടിയെ ചികിത്സ നൽകിയ ശേഷം തിരികെ വനത്തിലേക്ക് തന്നെ അയച്ചിരുന്നു. എന്നാൽ ആനക്കൂട്ടം അതിനെ ഒപ്പം കൂട്ടാൻ വിസമ്മതിച്ചതോടെ, വനപാലകർ അതിനെ മുത്തങ്ങ ആനത്താവളത്തിൽ എത്തിച്ചിരിക്കുകയാണ്.
കാട്ടിൽ വെച്ച് പുലിയുടെ ആക്രമണത്തെ അതിജീവിച്ച ആനക്കുട്ടി, ഭയന്ന് പായുന്നതിനിടെ കൂട്ടം തെറ്റി ജനവാസ മേഖലയിലേക്ക് എത്തുകയായിരുന്നു. വീടുകളുടെ മുറ്റങ്ങളിലും റോഡുകളിലും ഓടിക്കളിക്കുന്ന ആനക്കുട്ടി നാട്ടുകാർക്ക് അത്ഭുതമായി. ഭയന്നും നിലവിളിച്ചും പായുന്ന ആനക്കുട്ടിയെ കുറിച്ച് നാട്ടുകാർ വനപാലകർക്ക് വിവരം നൽകി. ഇതോടെ ഡോക്ടർ അജീഷ് മോഹൻദാസിന്റെ നേതൃത്വത്തിലുള്ള വനംവകുപ്പിന്റെ ആർ ആർ ടി സംഘം സ്ഥലത്തെത്തി.
പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റ ആനക്കുട്ടിക്ക് അവർ പ്രാഥമിക ചികിത്സ നൽകി. പിന്നീട് വിദഗ്ധ പരിശോധനകൾക്കായി വടവും വലയും ഉപയോഗിച്ച് പിടികൂടാൻ ശ്രമിച്ചപ്പോൾ ആനക്കുട്ടി കുതറിയോടി. തുടർന്ന് നടത്തിയ വിശദമായ തിരച്ചിലിനൊടുവിൽ സമീപത്തെ ഒരു വീടിന്റെ പിന്നാമ്പുറത്ത് പതുങ്ങി നിൽക്കുന്ന നിലയിൽ ആനക്കുട്ടിയെ കണ്ടെത്തി. തുടർന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ എത്തിച്ച ആനക്കുട്ടിയുടെ പരിക്കേറ്റ കാലിന് ചികിത്സ നൽകി. ശേഷം അതിനെ കാട്ടിലേക്ക് മടക്കി അയക്കുകയായിരുന്നു.
എന്നാൽ, തിരികെ എത്തിയ ആനക്കുട്ടിയെ കാട്ടാനക്കൂട്ടം സ്വീകരിക്കാൻ തയ്യാറായില്ല. ഇക്കാര്യം വനപാലകരുടെ നിരീക്ഷണത്തിൽ വ്യക്തമായി. തുടർന്ന് ഉറക്കെ കരഞ്ഞുകൊണ്ട് വീണ്ടും ആനക്കുട്ടി ജനവാസ മേഖലയിലേക്ക് പാഞ്ഞു. ഇതോടെ വനപാലകർ വീണ്ടുമെത്തി. ഇത്തവണ പിടികൂടാൻ ശ്രമിച്ചപ്പോൾ ശാന്തസ്വഭാവം കാട്ടിയ ആനയെ അവർ അനുനയിപ്പിച്ച് മുത്തങ്ങ ആനത്താവളത്തിൽ എത്തിച്ചു. നിലവിൽ ആനയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് മൃഗഡോക്ടർമാർ അറിയിച്ചു.