തൃശ്ശൂർ: റഷ്യൻ കൂലി പട്ടാളത്തിൽ അകപ്പെട്ട മലയാളി യുവാവ് മരിച്ചു. ഇന്ത്യൻ എംബസിയാണ് കുടുംബത്തെ വിവരം ഔദ്യോഗികമായി അറിയിച്ചത്. തൃശ്ശൂർ കുട്ടനല്ലൂർ സ്വദേശി ബിനിൽ ബാബുവാണ് മരിച്ചത്.
കുടുംബ സുഹൃത്ത് വഴി കഴിഞ്ഞ ഏപ്രിലിലാണ് ബിനിലും, സുഹൃത്തായ തൃശ്ശൂർ കുറാഞ്ചേരി സ്വദേശി ജെയ്നും റഷ്യയിലേക്ക് പോയത്. ഇലക്ട്രീഷ്യൻ ജോലി എന്ന് പറഞ്ഞാണ് ഇരുവരെയും റഷ്യയിലേക്ക് കൊണ്ടുപോയത്. പിന്നീട് അവിടുത്തെ മലയാളി ഏജന്റ് കബളിപ്പിച്ച് ഇരുവരെയും കൂലിപ്പട്ടാളത്തിനൊപ്പം അകപ്പെടുത്തുകയായിരുന്നു.
യുക്രെയിനിൽ ഉണ്ടായ ഷെല്ലാക്രമണത്തിൽ ബിനിലിനും ജെയ്നിനും ഗുരുതരമായി പരിക്കേറ്റിരുന്നു. പരിക്കേറ്റ വിവരം ജെയ്നാണ് ബിനിലിന്റെ ബന്ധുക്കളെ അറിയിച്ചിരുന്നത്.
മനുഷ്യ കടത്തിന് ഇരയായ യുവാക്കളെ രക്ഷിച്ച് നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമത്തിനിടെയാണ് ബിനിൽ ബാബു മരിച്ചത്.
ഷെല്ലാക്രമണത്തിൽ പരിക്കേറ്റ ജെയ്ൻ കുറച്ചുനാൾ യുക്രെയിനിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിന്നീട്, റഷ്യൻ അധിനിവേശ യുക്രെയിനിൽ നിന്നും തലസ്ഥാനമായ മോസ്കോയിൽ എത്തിക്കുകയും, ശേഷം ജെയ്ൻ
അവിടുത്തെ ആശുപത്രിയിൽ ചികിത്സ നേടുകയും ചെയ്തു. ഈ വിവരം വാട്സ്ആപ്പ് സന്ദേശം വഴി ജെയ്ൻ കുടുംബത്തെ അറിയിച്ചിരുന്നു.