കൊച്ചി : ചേരാനല്ലൂർ വാഹനാപകട കേസിൽ ജയബാലകൃഷ്ണന്റെ കുടുംബത്തിനെതിരെ പ്രോസിക്യൂഷൻ. കുടുംബം സ്വതന്ത്ര അന്വേഷണത്തെ തടസ്സപ്പെടുത്തുന്നുവെന്നാണ് പ്രോസിക്യൂഷന്റെ വാദം. 17 കാരന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി പരിഗണിക്കവേയാണ് കോടതി നടപടികളെ പറ്റി കുടുംബം തെറ്റായ വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകുന്നുവെന്നും സ്വതന്ത്ര അന്വേഷണം തടസ്സപ്പെടുത്തുന്നുവെന്നും പ്രോസിക്യൂഷൻ ആരോപിച്ചത്.
അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനുള്ള സാഹചര്യങ്ങൾക്ക് തടസമുണ്ടാകരുതെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. പിന്നാലെ കുടുംബത്തിന് പരാതി ഉണ്ടെങ്കിൽ അത് ഇവിടെയാണ് ഉന്നയിക്കേണ്ടതെന്ന് കോടതി വ്യക്തമാക്കി. പരസ്യമായ വാദം ഒഴിവാക്കി കോടതി നടപടികൾ അടച്ചിട്ട് മുറിയിലേയ്ക്ക് മാറ്റി.
അതേസമയം കേസിൽ പ്രതിയായ 17 കാരന്റെ പിതാവിനെതിരെ പുതിയൊരു കുറ്റം കൂടി ചുമത്തി . തെളിവ് നശിപ്പിക്കൽ കുറ്റമാണ് പുതുതായി ചുമത്തിയത് . അപകടത്തിന് പിന്നാലെ കുട്ടിയുടെ ഇൻസ്റ്റഗ്രാം പേജ് ഡിലീറ്റ് ചെയ്തിരുന്നുവെന്നും, ഇത് തെളിവ് നശിപ്പിക്കൽ അല്ലേയെന്നും കോടതി കഴിഞ്ഞ ദിവസം സംശയം പ്രകടിപ്പിച്ചിരുന്നു. തെളിവ് നശിപ്പിച്ചോ എന്ന് ഗൗരവമായി പരിശോധിക്കുമെന്ന് വ്യക്തമാക്കിയ കോടതി, ബിഎൻഎസ് 238-ാം വകുപ്പ് പ്രകാരമുള്ള തെളിവ് നശിപ്പിക്കൽ കുറ്റമാണ് പുതുതായി ചുമത്തിയിട്ടുള്ളത്.

