ഡബ്ലിൻ: മുൻ എംഇപിയും ഫിയന്ന ഫെയ്ൽ മന്ത്രിയുമായിരുന്ന ജെറാർഡ് കോളിൻസ് അന്തരിച്ചു. 88 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങൾ അദ്ദേഹത്തെ അലട്ടിയിരുന്നു. സംസ്കാരം പിന്നീട് നടക്കും. കോളിൻസിന് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ ആദരാഞ്ജലി അർപ്പിച്ചു.
വിദേശകാര്യ മന്ത്രി, നീതിന്യായ മന്ത്രി എന്നീ നിലകളിൽ അദ്ദേഹം സേവനം അനുഷ്ടിച്ചിട്ടുണ്ട്. ഇതിന് പുറമേ പോസ്റ്റ് ആൻഡ് ടെലിഗ്രാഫ് മന്ത്രി കൂടിയായിരുന്നു കോളിൻസ്. 1967 മുതൽ 1997 വരെ ലിമെറിക്ക് വെസ്റ്റിന്റെ ടിഡി ആയിരുന്നു. 1967 ലാണ് അദ്ദേഹം ആദ്യമായി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. പിതാവ് ജെയിംസ് കോളിൻസിന്റെ പകരക്കാരൻ ആയിട്ടായിരുന്നു ആദ്യ മത്സരം. ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ ഭാഗ്യം അദ്ദേഹത്തെ തുണച്ചു. പിന്നീട് രാഷ്ട്രീയ രംഗത്തെ അതികായന്മാരിൽ ഒരാളായി മാറുകയായിരുന്നു.

