കൊച്ചി : അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരിയുടെ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടിയുള്ള ഹർജിയിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ജോലി ആവശ്യാർത്ഥം വിദേശത്തേയ്ക്ക് പോകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് തച്ചങ്കരിയെ കോടതി വിമർശിച്ചത് . ജയിലിൽ പോകുമ്പോൾ അസുഖം വരും , പുറത്ത് ഇറങ്ങുമ്പോൾ വിദേശത്തേയ്ക്ക് പോകുകയും വേണം എന്നായിരുന്നു പരാമർശം. കോടതിയിൽ ഉള്ളവർക്കും ബുദ്ധി ഉണ്ടെന്ന് ജസ്റ്റിസ് എ ബദറുദ്ദീന്‍ പറഞ്ഞു.
ശിക്ഷിക്കപ്പെട്ടതിന് ശേഷം അദ്ദേഹം ആശുപത്രിയിൽ ആയിരുന്നല്ലോ എന്ന് കോടതി ചോദിച്ചു. എങ്ങനെയാണ് പുറത്തു പോകുക എന്നും രണ്ടും തമ്മിൽ വൈരുധ്യം ഉണ്ടല്ലോയെന്നും കോടതി ചൂണ്ടിക്കാട്ടി. ആശുപത്രിയിൽ കിടന്ന മുഴുവൻ വിവരങ്ങളും കോടതിയിൽ ഹാജരാക്കാനും നിർദേശം നൽകി . എത്ര ദിവസം ആശുപത്രിയില്‍ കിടന്നില്ല എന്നും അറിയിക്കാൻ നിര്‍ദേശിച്ചിട്ടുണ്ട്.
ഷാർജയിൽ ജ്വല്ലറി ഗ്രൂപ്പിന്റെ ഓപ്പറേഷൻസ് മാനേജരാണെന്നും യു എ ഇയിലേയ്ക്ക് യാത്ര ചെയ്യാൻ അനുമതി വേണമെന്നുമായിരുന്നു തച്ചങ്കരിയുടെ ആവശ്യം. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ തച്ചങ്കരിയെ നാലു വർഷത്തേയ്ക്ക് കോട്ടയം വിജിലൻസ് കോടതി ശിക്ഷിച്ചെങ്കിലും ഹൈക്കോടതി ആ ശിക്ഷ മരവിപ്പിച്ചിരുന്നു.

