ഹസ്തരേഖാ ശാസ്ത്രം പോലെ ഒരു വ്യക്തിയുടെ കാൽ നോക്കിയും സ്വഭാവം നിർണ്ണയിക്കാൻ സാധിക്കും. സൗഹൃദങ്ങൾ , കഴിവുകൾ , ആഗ്രഹങ്ങൾ എല്ലാം കാല്പാദത്തിലെ വിരലുകൾ നോക്കി അറിയാം.
തള്ളവിരൽ
തള്ളവിരലിന് മറ്റ് വിരലുകളേക്കാൾ നീളമുണ്ടെങ്കിൽ അത്തരക്കാർ ഉത്സാഹഭരിതരും , ഭാവനാശാലികളുമായിരിക്കും. ഏത് പ്രശ്നത്തിനും ഇവരുടെ അടുത്ത് ഉടനടി പരിഹാരമുണ്ടാകും.തള്ളവിരൽ മറ്റ് വിരലുകളേക്കാൾ ചെറുതാണെങ്കിൽ ഒരേ സമയത്ത് പല കാര്യങ്ങൾ ചെയ്യാൻ കഴിയുന്നവരാണ്. കാര്യപ്രാപ്തിയുള്ളവരാണ് . പുതിയ ആശയങ്ങൾ കൊണ്ട് മറ്റുള്ളവരുടെ മനസിനെ ഇവർ കീഴടക്കും.
രണ്ടാമത്തെ വിരൽ
കാലിലെ രണ്ടാമത്തെ വിരൽ നീളം കൂടിയതാണെങ്കിൽ മറ്റുള്ളവരെ നയിക്കാൻ മിടുക്കരാണ് . സ്ത്രീകളുടെ കാലിലെ തള്ളവിരൽ ചെറുതും, രണ്ടാമത്തെ വിരൽ വലുതുമാണെങ്കിൽ ഇവർ ഭർത്താവിന്റെ വാക്കുകൾ അനുസരിക്കാൻ മടിയുള്ളവരായിരിക്കും. തന്റേടമുള്ളവരും, മുൻ കോപികളുമായിരിക്കും. മറ്റുള്ളവർ പറയുന്ന വാക്കുകൾക്ക് ചെവി കൊടുക്കാത്ത സ്വന്തം നിലയ്ക്ക് കാര്യങ്ങൾ ചെയ്യാൻ കഴിവുള്ളവരായിരിക്കും. സമൂഹത്തിൽ നേതൃത്വസ്ഥാനം വഹിക്കാൻ കെൽപ്പുള്ളവർ ആയിരിക്കും.
കാലിലെ രണ്ടാമത്തെ വിരലിന് നീളം കുറഞ്ഞാൽ ഇവരെ എളുപ്പത്തിൽ സ്വാധീനിക്കാൻ കഴിയും. സമാധാനം ആഗ്രഹിക്കുന്നവരാണിവർ.വ്യക്തമായ നിലപാടിൽ ഉറച്ച് നിൽക്കാൻ ബുദ്ധിമുട്ടുള്ളവരായിരിക്കും ഇത്തരക്കാർ.
മൂന്നാമത്തെ വിരൽ
മൂന്നാമത്തെ വിരലിന് മറ്റ് വിരലുകളേക്കാൾ നീളം കൂടുതലാണെങ്കിൽ ജോലിയിൽ സാമർത്ഥ്യമുള്ളവരായിരിക്കും.ഉറച്ച തീരുമാനവും, ഉത്സാഹവും ഇവരുടെ ആഗ്രഹങ്ങളെ സഫലമാക്കും. മൂന്നാമത്തെ വിരലിന് നീളം കുറഞ്ഞവർ ജീവിതം ആസ്വദിക്കുന്നവരായിരിക്കും. ഇടവേളകൾ ആസ്വദിക്കുവാൻ ഇഷ്ടപ്പെടുന്നവരായിരിക്കും.
നാലാമത്തെ വിരൽ
കാല്പാദത്തിലെ നാലാമത്തെ വിരലിന് മറ്റ് വിരലിനേക്കാൾ നീളക്കൂടുതലുണ്ടെങ്കിൽ കുടുംബത്തിന് പ്രാധാന്യം നൽകുന്നവരായിരിക്കും. ഈ വിരൽ ചുരുണ്ട നിലയിലാണെങ്കിൽ ദാമ്പത്യജീവിതം സന്തോഷ പ്രദമായിരിക്കില്ല. നല്ല കേൾവിക്കാരാണിവർ.
നാലാമത്തെ വിരൽ മറ്റു വിരലുകളെക്കാൾ ചെറുതായാൽ കുടുംബത്തിനോ ബന്ധങ്ങൾക്കോ വില കൽപ്പിക്കാത്തവരായിരിക്കും. മറ്റെന്തെങ്കിലും ലക്ഷ്യം വച്ചുള്ള ജീവിതമായിരിക്കും ഇവരുടേത്. വ്യക്തി ജീവിതത്തിൽ എപ്പോഴും പ്രശ്നങ്ങളെ നേരിടേണ്ടിയും വരും.
അഞ്ചാമത്തെ വിരൽ
ചെറുവിരൽ നാലാമത്തെ വിരലിൽ നിന്ന് മാറി കാണപ്പെട്ടാൽ ആവേശമുള്ളവരും, സാഹസപ്രവർത്തനങ്ങൾ ചെയ്യാൻ ഇഷ്ടപ്പെടുന്നവരുമായിരിക്കും. ചെറുവിരൽ നാലാമത്തെ വിരലിനോട് ചേർന്നിരുന്നാൽ ഇവർ വിശ്വസ്തരും, കൃത്യനിഷ്ഠയുള്ളവരുമായിരിക്കും.
വളഞ്ഞ വിരലുകൾ
ഇത്തരക്കാർ സ്വയം പ്രാപ്തിയുള്ളവരും, സാമ്പത്തികമായി സ്വതന്ത്രരുമായിരിക്കും. വിപ്ലവകാരികളുമായിരിക്കും . ചെറിയ വളവുള്ള വിരലുകൾ ഉള്ളവർ സൗഹൃദങ്ങൾ ഇഷ്ടപ്പെടുന്നവരാണ്.
നിരയൊത്ത വിരലുകൾ
ആരോഹക്രമത്തിലാണ് വിരലുകളെങ്കിൽ വളരെ പ്രായോഗികതയുള്ളവരായിരിക്കും ഇത്തരക്കാർ. തുടങ്ങി വച്ചത് പൂർത്തീകരിക്കും.കൃത്യനിഷ്ഠയുള്ള ജോലിക്കാരായിരിക്കും ഇത്തരക്കാർ.
പരന്ന പാദം
പരന്ന പാദമുള്ളവർ അധ്വാനശീലമുള്ളവരായിരിക്കും. തിരക്കുകളിൽ സന്തോഷം കണ്ടെത്തുമെങ്കിലും സമാധാനമായി ജീവിക്കാനാണ് ഇത്തരക്കാർക്ക് ഇഷ്ടം.
നീണ്ടുമെലിഞ്ഞ പാദങ്ങൾ
അലസരായി ജീവിക്കുന്നവരാണെങ്കിലും പക്ഷെ മികച്ച സൗന്ദര്യബോധമുള്ളവരാണിവർ .

