പക്ഷാഘാതം പ്രായമായവരെ മാത്രം ബാധിക്കുന്ന രോഗമാണെന്നാണ് പരക്കെയുള്ള വിശ്വാസം. എന്നാൽ ഇന്ന് മുപ്പതുകളിൽ പോലും പക്ഷാഘാതം വരുന്നവരുണ്ട്. ഇന്ത്യയിലെ പഠനങ്ങൾ അനുസരിച്ച് സമീപവർഷങ്ങളിൽ ഏകദേശം 10-15 ശതമാനം പക്ഷാഘാതകേസുകളും സംഭവിച്ചിരിക്കുന്നത് 45 വയസിന് താഴെയുള്ളവരിലാണ്. ഈ പഠനങ്ങൾ അനുസരിച്ച് നമ്മുടെ രാജ്യത്ത് വൈകല്യത്തിനും, മരണത്തിനും കാരണമാകുന്ന അസുഖങ്ങളിൽ ഒന്നാണ് പക്ഷാഘാതം.
പ്രധാനമായും ജീവിതശൈലിയാണ് ഇതിന് കാരണം . മണിക്കൂറുകളോളം ഇരിക്കുക, സമ്മർദ്ദം, ഉറക്കക്കുറവ്, പുറത്ത് നിന്നുള്ള ഭക്ഷണം , വ്യായാമക്കുറവ്, പ്രമേഹം , ബിപി, കൊളസ്ട്രോൾ എന്നിവ പക്ഷാഘാത സാധ്യത വർധിപ്പിക്കും.
ICMR-INDIAB പഠനം അനുസരിച്ച് ഇന്ത്യയിൽ 10 കോടി ആളുകൾക്ക് പ്രമേഹവും, 31 കോടി പേർക്ക് രക്തസമ്മർദ്ദവുമുണ്ട്. എന്നാൽ ആശങ്കാജനകമായ കാര്യം പലർക്കും ഈ രോഗങ്ങളുണ്ടെന്ന് അറിയുകയില്ല എന്നതാണ്.
30 വയസിന് ശേഷം വർഷത്തിലൊരിക്കൽ ബിപി, ഷുഗർ , ലിപിഡ് പ്രൊഫൈൽ എന്നിവ പരിശോധിക്കുക. കുടുംബ ചരിത്രമുണ്ടെങ്കിൽ അതിലും നേരത്തെ പരിശോധിക്കേണ്ടതാണ്.
ശ്രദ്ധിക്കേണ്ടത്
ഉപ്പ് കുറയ്ക്കുക , വറുത്ത ഭക്ഷണങ്ങളു മധുരപലഹാരങ്ങളും പരിമിതപ്പെടുത്തുക.
ആഴ്ച്ചയിൽ കുറഞ്ഞത് 150 മിനിട്ടെങ്കിലും വ്യായാം ശീലമാക്കുക.
പുകയിലയും സിഗറ്ററും ഒഴിവാക്കുക.
മുഖത്തിന്റെ ഒരു വശത്തിന് മരവിപ്പ്. സംസാര ശേഷി കുറവ്, കൈ കാലുകൾക്ക് ബലക്കുറവ്, പെട്ടെന്ന് കാഴ്ച്ച മങ്ങൽ, തലക്കറക്കം എന്നിവ അനുഭവപ്പെട്ടാൽ ഉടൻ ആശുപത്രിയിൽ എത്തിക്കുക. ആദ്യത്തെ നാലു മണിക്കൂർ പക്ഷാഘാത ചികിത്സയിലെ നിർണ്ണായക സമയങ്ങളാണ്. ഈ സമയത്ത് രക്തം കട്ടപിടിക്കുന്നത് അലിയിക്കുന്നതിനുള്ള ചികിത്സ സാധ്യമാണ്.

