തുർക്കി, പാകിസ്ഥാൻ , ഇന്തോനേഷ്യ, ഖത്തർ എന്നിവ ചേർന്ന് ബദർ ധാരണാപത്രം ഒപ്പ് വച്ചത് ദിവസങ്ങൾക്ക് മുൻപാണ്. പ്രതിരോധസഹകരണം വർധിപ്പിക്കാനെന്ന പേരിലാണ് കരാർ ഒപ്പ് വച്ചത് . എന്നാൽ ഇത് കേവലം സ്വയം പ്രതിരോധ കരാറല്ല, മറിച്ച് ഇസ്ലാമിക സൈനിക വ്യവസായ സമുച്ചയം കെട്ടിപ്പടുക്കുന്നതിനുള്ള ശക്തമായ മാർഗമാണെന്നാണ് സൂചന.
പൂർണ്ണ ചന്ദ്രൻ എന്നർത്ഥം വരുന്ന അറബി പദത്തിൽ നിന്നാണ് ‘ ബദർ ‘ എന്ന പേര് വന്നത്. കൂടാതെ ഇസ്ലാമിക ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ യുദ്ധങ്ങളിലൊന്നായ ബദർ യുദ്ധത്തെയും ഇത് അനുസ്മരിപ്പിക്കുന്നു. നാല് ഇസ്ലാമിക രാജ്യങ്ങൾ തമ്മിലുള്ള പ്രതിരോധ-വ്യവസായ സഹകരണത്തിനായുള്ള ക്വാഡ് മാതൃക എന്നാണ് ഈ കരാറിനെ പ്രതിരോധ വിദഗ്ധർ സൂചിപ്പിക്കുന്നത്. ‘മക്ക കരാറി’ൽ നിന്ന് വ്യത്യസ്തമായി, ഈ നാല് രാജ്യങ്ങളുടെയും പ്രതിരോധ-വ്യവസായ അടിത്തറകളെ സംയോജിപ്പിക്കുക എന്നതാണ് ‘ബദർ കരാറി’ന്റെ ലക്ഷ്യം.
ഈ നാലു രാജ്യങ്ങൾക്കും ശക്തമായ സൈനിക വിഭാഗങ്ങൾ ഉണ്ടെങ്കിലും അവയെല്ലാം വിദേശ ആയുധങ്ങളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. പാകിസ്ഥാൻ വ്യോമസേന ചൈനീസ് ആയുധങ്ങളെയും, ഇന്തോനേഷ്യ റഷ്യ , ദക്ഷിണ കൊറിയ , യുഎസ് , ഫ്രാൻസ് എന്നീ രാജ്യങ്ങളിലെ ആയുധങ്ങളെയുമാണ് പ്രധാനമായും ആശ്രയിക്കുന്നത്.
മികച്ച പ്രതിരോധ ശൃംഖല ഉണ്ടെന്ന് അവകാശപ്പെടുന്ന ഖത്തറും, തുർക്കിയും ആയുധങ്ങൾ വാങ്ങുന്നത് യുഎസ് , ഫ്രാൻസ് , മറ്റ് യൂറോപ്യൻ രാജ്യങ്ങൾ എന്നിവയിൽ നിന്നാണ്. വിദേശ വിതരണക്കാരെ ആശ്രയിക്കുന്നത് കുറയ്ക്കണമെങ്കിൽ പുതിയ പ്രതിരോധ ഉപകരണങ്ങൾ രൂപകൽപ്പന ചെയ്യാനും ,അവ വൻ തോതിൽ ഉദ്പാദിപ്പിക്കാനും ശേഷിയുള്ള സ്വയം പര്യാപ്തമായ ‘മിലിട്ടറി-ഇൻഡസ്ട്രിയൽ കോംപ്ലക്സ്’ ആവശ്യമാണ് . ബദർ കരാറിലൂടെ ഇവർ ലക്ഷ്യം വയ്ക്കുന്നതും ഈ സൈനിക സമുച്ചയം തന്നെ.
ഇതിന് സഹായമാകുന്ന ചില ഘടകങ്ങളും പ്രതിരോധ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ‘ ഖത്തറിന് വലിയ തോതിൽ മൂലധനമുണ്ട്. പാകിസ്ഥാന് വികസിതമായ സൈനിക -വ്യവസായ സംവിധാനങ്ങളുമുണ്ട്. ഇന്തോനേഷ്യയാകട്ടെ തദ്ദേശീയ ഉദ്പാദത്തിന് മുൻ ഗണന നൽകുന്ന വളർന്നു വരുന്ന സമ്പദ് വ്യവസ്ഥയും, വലിയ വിപണിയുള്ള രാജ്യവുമാണ്. ഇതിനൊപ്പം തുർക്കിയുടെ വളരെ വികസിതമായ പ്രതിരോധ വ്യവസായ അടിത്തറയും ഒന്ന് ചേരുമ്പോൾ സ്വയം പര്യാപ്തമായ സൈനിക -വ്യവസായ സമുച്ചയം കെട്ടിപ്പടുക്കാൻ ആയേക്കും ‘ എന്നാണ് പ്രതിരോധ വിദഗ്ധർ പറയുന്നത്.
ഈ നാല് രാജ്യങ്ങൾക്കും ചേർന്ന് പ്രവർത്തിക്കാൻ കഴിയുന്ന ഒരു പദ്ധതിയാണ് തുർക്കിയുടെ തദ്ദേശീയമായ, അഞ്ചാം തലമുറ ‘സ്റ്റെൽത്ത്’ യുദ്ധവിമാനമായ ‘കാൻ’ . ഏകദേശം 48 ‘കാൻ’ വിമാനങ്ങൾ വാങ്ങാൻ ഇന്തോനേഷ്യയുമായി കരാറിൽ എത്തിയിട്ടുണ്ട്. പാകിസ്ഥാനും ഇതിൽ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
അതേസമയം ഈ പദ്ധതി പരാജയപ്പെടാനും സാധ്യതകളേറെയാണ്. തദ്ദേശീയമായ പ്രതിരോധ വ്യവസായങ്ങൾ കെട്ടിപ്പടുക്കാൻ മറ്റ് രാജ്യങ്ങളും ശ്രമിച്ചിട്ടുണ്ടെങ്കിലും അവ പരാജയപ്പെട്ടിരുന്നു. അതിന് ഉദാഹരണമായി ഈജിപ്റ്റിനെയാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

