ന്യൂഡൽഹി : നാലു സംസ്ഥാനങ്ങളിലായി നടന്ന ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പുകളിൽ ഒരു സീറ്റിൽ പോലും വിജയിക്കാത്ത കോൺഗ്രസിനെതിരെ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇവിഎമ്മിനെ എതിർക്കുകയും, പകരം ബാലറ്റ് പേപ്പർ ഉപയോഗിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്ന കോൺഗ്രസ് ബാലറ്റ് വഴി നടന്ന തെരഞ്ഞെടുപ്പുകളിലും പരാജയപ്പെട്ടതിനെതിരെയാണ് പ്രധാനമന്ത്രിയുടെ പരിഹാസം.
‘ഉത്തർപ്രദേശ്, മഹാരാഷ്ട്ര , ബീഹാർ , കർണാടക എന്നീ നാല് സംസ്ഥാനങ്ങളിലായി 28 സീറ്റുകളിലേയ്ക്കാണ് തെരഞ്ഞെടുപ്പ് നടന്നത് . ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പ് നടന്നത് .കോൺഗ്രസ് എത്ര സീറ്റുകൾ നേടിയെന്ന് നിങ്ങൾക്ക് ഊഹിക്കാമോ? എന്നാണ് മോദി സോഷ്യൽ മീഡിയയിൽ കുറിച്ചത് .
ഈ നാലു സംസ്ഥാനങ്ങളിലായി ആകെ 28 സീറ്റുകളിൽ 12 എണ്ണത്തിലാണ് പാർട്ടി മത്സരിച്ചത് . കർണാടകയിൽ കോൺഗ്രസ് അധികാരത്തിൽ ഉണ്ടായിട്ടുപോലും തോറ്റത് പാർട്ടിയ്ക്ക് വലിയ തിരിച്ചടിയായി. മത്സരിച്ച നാലു സീറ്റുകളും പാർട്ടിയ്ക്ക് നഷ്ടമായി . മൂന്നെണ്ണത്തിൽ ബിജെപി ജയിച്ചപ്പോൾ ഒരെണ്ണത്തിൽ സഖ്യകക്ഷിയായ ജെഡി എസും വിജയിച്ചു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയപ്പോൾ കോൺഗ്രസ് ആരോപിച്ചതും ഇ വി എം വഴി തട്ടിപ്പ് നടത്തുന്നുവെന്നാണ് . ഭാവിയിലെ തെരഞ്ഞെടുപ്പുകളിൽ ഇവിഎം ഒഴിവാക്കണമെന്നും, ബാലറ്റ് പേപ്പർ കൊണ്ടുവരണമെന്നുമാണ് കോൺഗ്രസിന്റെ പ്രധാന ആവശ്യം. അതേസമയം എം എൽ സി ഫലങ്ങൾ പുറത്ത് വന്നതോടെ കോൺഗ്രസിന്റെ വോട്ട് ചോരി ആരോപണങ്ങൾ പൊളിഞ്ഞതായാണ് ബിജെപിയുടെ ആരോപണം .

