മാഡ്രിഡ് : സ്പെയിനിലെ ടൊലെഡോ പ്രവിശ്യയിൽ രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം 64 ആയി. 180 ഓളം പേർക്ക് പരിക്കേറ്റതായി കാസ്റ്റില-ലാ മാഞ്ച സർക്കാർ സ്ഥിരീകരിച്ചു.അപകടത്തിനിടയാക്കിയ സാഹചര്യങ്ങളെ പറ്റി അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മാഡ്രിഡിൽനിന്ന് തെക്കൻ സ്പെയിനിലേക്കുള്ള അതിവേഗ റെയിൽ പാതയിൽ ഉറ്ദ സ്റ്റേഷനു സമീപമാണ് അപകടമുണ്ടായത്.
പ്രാദേശിക സമയം രാവിലെ 9 മണിയോടെയായിരുന്നു അപകടം. 397 യാത്രക്കാരുമായി വന്ന ‘ റെൻഫ‘ എന്ന ട്രെയിൻ 147 യാത്രക്കാരുമായി എത്തിയ ഇറിയോ എന്ന ട്രെയിനിലാണ് ഇടിച്ചു കയറിയത്. ഇടിയുടെ ആഘാതത്തിൽ ഇറിയോ ട്രെയിനിന്റെ രണ്ട് ബോഗികൾ പാളം തെറ്റി മറിയുകയായിരുന്നു. ട്രെയിനുകളുടെ അവശിഷ്ടങ്ങൾക്കിടയിൽ തെരച്ചിൽ നടക്കുന്നതിനാൽ മരണസംഖ്യ ഉയരാനും സാധ്യതയുണ്ട്.
മനുഷ്യസഹജമായ പിഴവ് അപകടത്തിന് കാരണമായിട്ടുണ്ടാകാമെന്നും സൂചനയുണ്ട്. മാഡ്രിഡിലെ അറ്റോച്ച സ്റ്റേഷനിലുള്ള റെയിൽ അടിസ്ഥാന സൗകര്യ മാനേജ്മെന്റ് സ്ഥാപനമായ ‘ അഡിഫ് ‘ കൺട്രോൾ സെന്ററിലെ ജീവനക്കാരന് സംഭവിച്ച പിഴവാണോ അപകടത്തിനിടയാക്കിയതെന്ന അന്വേഷണവും നടക്കുന്നുണ്ട്.
പ്രധാന സിഗ്നലിംഗ് ആൻഡ് സേഫ്റ്റി സിസ്റ്റമായ ‘എൽ.ഇസഡ്.ബി’ തകരാറിലായതിനെത്തുടർന്ന്, റെയിൽവേ ജീവനക്കാർക്ക് മറ്റൊരു സംവിധാനം ഉപയോഗിച്ച് ട്രെയിൻ ഗതാഗതം നിയന്ത്രിക്കേണ്ടി വന്നു. ഈ തടസ്സം കാരണം ബുധനാഴ്ച രാവിലെ ആ പ്രദേശത്ത് എട്ടോളം ട്രെയിനുകൾ നിർത്തിയിടേണ്ടി വന്നു.
സർവീസുകൾ പുനരാരംഭിക്കാൻ അനുമതി നൽകിയപ്പോൾ ഇറിയോ ട്രെയിൻ ട്രാക്കിൽ തന്നെ നിർത്തിയിട്ടിരിക്കുകയായിരുന്നു. ഇതിനിടെ അതേ പാളത്തിൽ റെൻഫെ ട്രെയിന് മുന്നോട്ട് പോകാൻ ജീവനക്കാരൻ അബദ്ധത്തിൽ അനുമതി നൽകിയതാകാം അപകടത്തിനിടയാക്കിയതെന്നാണ് റിപ്പോർട്ടുകൾ. ഇറിയോ ട്രെയിൻ എന്തുകൊണ്ട് മുന്നോട്ട് നീങ്ങിയില്ലെന്നും , റെൻഫെ ട്രെയിന് മുന്നോട്ട് പോകാൻ അനുമതി നൽകിയത് എന്തിനാണെന്നും ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷണ വിധേയമാണ്. തങ്ങളുടെ സംവിധാനങ്ങൾ പരിശോധിച്ച് വരികയാണെന്നും അഡിഫ് അറിയിച്ചു.
ലാറ്ററൽ സിംഗനലിംഗ് ബ്ലോക്ക് എന്നറിയപ്പെടുന്ന ബദലിംഗ് സംവിധാനം ട്രാക്കിൽ ട്രെയിനുകൾ ഉണ്ടോയെന്ന് അറിയാൻ സഹായിക്കുമെങ്കിലും പ്രധാന സിഗ്നൽ സംവിധാനം പോലെ ട്രെയിനുകളുടെ വേഗതയും സുരക്ഷിതമായ അകലവും തുടർച്ചയായി നിരീക്ഷിക്കാൻ ഫലപ്രദമല്ലെന്നും സ്പെയിൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

