തിരുവനന്തപുരം : സംസ്ഥാനത്തെ പി എസ് സി പരീക്ഷാത്തട്ടിപ്പിൽ ആദ്യ അറസ്റ്റ്. മുൻ ഉദ്യോഗസ്ഥൻ പി സതീഷാണ് അറസ്റ്റിലായത് . ആസൂത്രണ ബോർഡ് നിയമന തട്ടിപ്പിലാണ് അറസ്റ്റ് . പരീക്ഷാ വിഭാഗത്തിന്റ് ചുമതലയുള്ള ഉദ്യോഗസ്ഥനായിരുന്നു സതീഷ്.
കഴിഞ്ഞ ദിവസമാണ് കേസിൽ സതീഷിനെ പ്രതി ചേർത്തത് . കോഴിക്കോട് നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത് . സതീഷ് കഴിഞ്ഞ വർഷമാണ് സർവീസിൽ നിന്ന് വിരമിച്ചത് . വിവാദപരീക്ഷയുടെ മൂല്യനിർണയ ചുമതല വഹിച്ചതും സതീഷാണ്.
പി.എസ്.സി. പരീക്ഷാ നടത്തിപ്പിലും നിയമന നടപടികളിലും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചകൾ സംഭവിച്ചതായി ക്രൈംബ്രാഞ്ച് നേരത്തെ കണ്ടെത്തിയിരുന്നു . ഉത്തരക്കടലാസ് മൂല്യനിർണയ ചുമതലയുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നാണ് വീഴ്ചകളുണ്ടായതെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി . ഇവർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കാനും ക്രൈംബ്രാഞ്ച് ശുപാർശ ചെയ്തിരുന്നു. ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് ബോധ്യപ്പെട്ടിട്ടും പി.എസ്.സി. അവർക്കെതിരെ നടപടിയെടുക്കാൻ തയ്യാറായില്ലെന്നും അന്വേഷണ സംഘം കണ്ടെത്തി.
മുൻ ഡെപ്യൂട്ടി സെക്രട്ടറി സതീഷ്, അഡീഷണൽ സെക്രട്ടറി ഹരി എന്നിവർക്കെതിരെ നടപടിയെടുക്കാനാണ് അന്ന് പ്രത്യേക അന്വേഷണ സംഘം ശുപാർശ ചെയ്തത്. ഇതുസംബന്ധിച്ച റിപ്പോർട്ട് ഡി.ജി.പി. വഴി സർക്കാരിന് കൈമാറിയിരുന്നു. ഇതിനു പിന്നാലെയാണ് മുൻ ഗവർണറായ അർലേക്കർ പി എസ് സി പിരിച്ചുവിടാൻ രാഷ്ട്രപതി ശുപാർശ നൽകിയത്.
ഗുരുതരമായ കണ്ടെത്തലുകളുടെയും പരാതികളുടെയും അടിസ്ഥാനത്തിൽ, പി.എസ്.സി ചെയർമാനെയും എല്ലാ അംഗങ്ങളെയും നീക്കം ചെയ്യണമെന്നാണ് രാഷ്ട്രപതിക്ക് നൽകിയ ശുപാർശയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

