ചെന്നൈ :പാചക പരിപാടികളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും പ്രശസ്തനായ പ്രശസ്ത ടെലിവിഷൻ ഷെഫ് ദാമു എന്ന ഡോ. കെ. ദാമോദരൻ അന്തരിച്ചു. 72 വയസ്സായിരുന്നു . വാർധക്യസഹജമായ അസുഖങ്ങൾ കാരണം ചികിത്സയിലായിരുന്നു.
ദാമോദരൻ കോതണ്ഡരാമൻ എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ പേര്. ജയ ടിവി, സ്റ്റാർ വിജയ് തുടങ്ങിയ ചാനലുകളിലെ പരിപാടികളിലൂടെയാണ് പ്രശസ്തനായത്. ജനപ്രിയ കുക്കിംഗ് റിയാലിറ്റി ഷോയായ ‘കുകു വിത്ത് കോമാളി’യിൽ വിധികർത്താവായി എത്തിയതോടെ അദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.
പരിപാടിയിലെ അദ്ദേഹത്തിന്റെ പെരുമാറ്റം കണ്ട പ്രേക്ഷകർ അദ്ദേഹത്തെ ‘ദാമു അപ്പ ‘ എന്നാണ് സ്നേഹത്തോടെ വിളിച്ചിരുന്നത് . ഹോട്ടൽ അടുക്കളകളിൽ പാത്രങ്ങൾ കഴുകിയാണ് അദ്ദേഹം പാചക ജീവിതം ആരംഭിച്ചത്. അവിടെനിന്നാണ് പാചകകലയിൽ വൈദഗ്ധ്യം നേടുകയും വളരുകയും ചെയ്തത്.
പിന്നീട് ഷെഫ്, അധ്യാപകൻ എന്നീ നിലകളിൽ സ്വന്തം ഇടം കണ്ടെത്തി. പരമ്പരാഗത തമിഴ് പാചകരീതികൾക്ക് അദ്ദേഹം പ്രത്യേക പ്രാധാന്യം നൽകി. ചെട്ടിനാട് വിഭവങ്ങൾ, കടൽ വിഭവങ്ങൾ, പരമ്പരാഗത സസ്യാഹാര വിഭവങ്ങൾ തുടങ്ങി വിവിധ പ്രാദേശിക ഭക്ഷണവിഭാഗങ്ങൾ അദ്ദേഹത്തിന്റെ പാചകവൈഭവത്തിൽ ഉൾപ്പെട്ടിരുന്നു.
ടെലിവിഷൻ രംഗത്തിന് പുറത്തും അദ്ദേഹം സജീവമായിരുന്നു. 20-ലധികം പുസ്തകങ്ങൾ രചിച്ച അദ്ദേഹം, തന്റെ പാചക അറിവിലൂടെയും പൊതുപരിപാടികളിലൂടെയും പ്രാദേശിക ഇന്ത്യൻ വിഭവങ്ങളെ കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ പരിശ്രമിച്ചു. 24 മണിക്കൂറും 30 മിനിറ്റും കൊണ്ട് 617 വിഭവങ്ങൾ തയ്യാറാക്കിയ ‘കുക്കിംഗ് മാരത്തൺ’ ആണ് അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ നേട്ടങ്ങളിലൊന്ന് .
ഏകദേശം 190 കിലോഗ്രാം ഭാരമുള്ള ഭക്ഷണമാണ് അദ്ദേഹം അന്ന് തയ്യാറാക്കിയത്. ഈ നേട്ടം അദ്ദേഹത്തിന് ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടിക്കൊടുത്തു. ഇന്ത്യൻ പാചകകലയ്ക്ക് നൽകിയ സംഭാവനകൾ മുൻനിർത്തി 2025-ൽ രാജ്യം അദ്ദേഹത്തിന് പത്മശ്രീ നൽകി ആദരിച്ചു

