തിരുവനന്തപുരം : സംസ്ഥാന ചരിത്രത്തിലാദ്യമായി പി.എസ്.സി ചെയർമാനെ പുറത്താക്കാൻ ശുപാർശ ചെയ്ത് ഗവർണർ . ഡോ എം ആർ ബൈജുവിനെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുൻ ഗവർണർ രാജേന്ദ്ര അർലേക്കറാണ് രാഷ്ട്രപതിക്ക് ഔദ്യോഗിക ശുപാർശ സമർപ്പിച്ചത് . ഗവർണർ സ്ഥാനത്തുനിന്ന് പടിയിറങ്ങുന്നതിന് ഒരാഴ്ച മുമ്പാണ് അദ്ദേഹം ഈ ശുപാർശ നൽകിയതെന്നാണ് വിവരം. ഗുരുതരമായ കണ്ടെത്തലുകളുടെയും പരാതികളുടെയും അടിസ്ഥാനത്തിൽ, പി.എസ്.സി ചെയർമാനെയും എല്ലാ അംഗങ്ങളെയും നീക്കം ചെയ്യണമെന്നാണ് രാഷ്ട്രപതിക്ക് നൽകിയ ശുപാർശയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
ഭരണഘടനാപരമായ സ്ഥാപനമായ പി.എസ്.സിയിലെ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത് ഗവർണറാണെങ്കിലും, അവരെ നീക്കം ചെയ്യാനുള്ള അധികാരം രാഷ്ട്രപതിക്ക് മാത്രമാണ്. ഗവർണറിൽ നിന്ന് ശുപാർശ ലഭിച്ചാൽ, രാഷ്ട്രപതി ഭവൻ ഇക്കാര്യത്തിൽ സർക്കാരിന്റെ അഭിപ്രായം തേടും. ഈ വിഷയത്തിൽ സർക്കാർ സ്വീകരിക്കുന്ന നിലപാട് നിർണായകമായിരിക്കും.
കേരള പി.എസ്.സി വഴി പ്ലാനിംഗ് ബോർഡിലേക്ക് നടത്തിയ നിയമനങ്ങളിൽ ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. ഇക്കാര്യത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണവും നടന്നുവരികയാണ്. ഇതിനുപുറമെ, മറ്റ് 12-ഓളം തസ്തികകളിലെ നിയമനങ്ങളിൽ അഴിമതി നടന്നതായി ആരോപിച്ച് പരാതികളും ലഭിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ ക്രൈം ബ്രാഞ്ച് കൂടുതൽ അന്വേഷണത്തിന് തയ്യാറെടുക്കുന്നതിനിടയിലാണ് അർലേക്കർ ശക്തമായ നീക്കം നടത്തിയത്.
പ്ലാനിംഗ് ബോർഡ് നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയെയും മെല്ലെപ്പോക്കിനെയും ഹൈക്കോടതിയും അടുത്തിടെ രൂക്ഷമായി വിമർശിച്ചിരുന്നു. സർക്കാരും പ്രതികളും തമ്മിൽ ‘അടുത്ത സുഹൃത്തുക്കളെപ്പോലെ’ പെരുമാറിയാൽ അത് പൊതുജനങ്ങളിൽ സംശയം ജനിപ്പിക്കുമെന്ന് കോടതി മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.

