മുംബൈ : നടൻ സൽമാൻ ഖാനുമായി ബന്ധം പുലർത്തുന്ന ആരെയും വധിക്കുമെന്ന ഭീഷണിയുമായി ലോറൻസ് ബിഷ്ണോയി സംഘം . തിങ്കളാഴ്ച പുറത്തുവന്ന ഓഡിയോ ക്ലിപ്പിൽ, അനിൽ പണ്ഡിറ്റ് എന്ന് സ്വയം പരിചയപ്പെടുത്തിയ യുവാവാണ് ഭീഷണി മുഴക്കിയിരിക്കുന്നത് . നടൻ ടൈഗർ ഷറോഫിനെതിരെ നടന്ന വധശ്രമത്തിന്റെ ഉത്തരവാദിത്തവും ഇയാൾ ഏറ്റെടുത്തു.
സൽമാനുമായി ചേർന്ന് പ്രവർത്തിക്കരുതെന്ന് ടൈഗർ ഷറോഫിന് മുന്നറിയിപ്പ് നൽകിയിരുന്നതായും, ഇതാണ് ഞായറാഴ്ച നടന്ന ആക്രമണശ്രമത്തിന് കാരണമെന്നും ഓഡിയോയിൽ ഇയാൾ പറയുന്നുണ്ട്. പ്രശസ്തി നേടാൻ വേണ്ടി ബിഷ്ണോയിക്കെതിരെ സംസാരിക്കുന്നവർക്ക് നേരെ, “സബ്കാ നമ്പർ ആയേഗാ” (എല്ലാവർക്കും ഊഴം വരും) എന്ന മുന്നറിയിപ്പും ഈ ഓഡിയോ ക്ലിപ്പിലുണ്ട്.
മാത്രമല്ല “സിനിമാ വ്യവസായത്തിൽ ഞങ്ങളിൽ നിന്ന് മാറി പ്രവർത്തിക്കുന്നവരോ, അല്ലെങ്കിൽ സൽമാൻ ഖാനൊപ്പം പ്രവർത്തിക്കുന്നവരോ ആരുതന്നെയായാലും, അവരെ ഞങ്ങൾ വധിക്കും,” എന്നും ഓഡിയോയിൽ സംസാരിക്കുന്നയാൾ പറയുന്നു.
കൃഷ്ണമൃഗ വേട്ടയുമായി ബന്ധപ്പെട്ട സംഭവത്തിൽ സൽമാൻ ഖാൻ ലോറൻസ് ബിഷ്ണോയിയോടും മുഴുവൻ ബിഷ്ണോയി സമുദായത്തോടും മാപ്പ് പറയണം .ഇല്ലെങ്കിൽ സൽമാനും കുടുംബത്തിനും ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ഇയാൾ മുന്നറിയിപ്പ് നൽകി. ഷറോഫിന് നേരെയുണ്ടായ ആക്രമണത്തിന് താനും ഹർമൻ സന്ധുവും ഉത്തരവാദികളാണെന്നും അനിൽ പണ്ഡിറ്റ് പറയുന്നു.
1990-കളുടെ അവസാനത്തിൽ രാജസ്ഥാനിൽ വെച്ച് സൽമാൻ ഖാൻ രണ്ട് കൃഷ്ണമൃഗങ്ങളെ വേട്ടയാടി കൊന്നതാണ് ബിഷ്ണോയി സംഘവും സൽമാനും തമ്മിലുള്ള ശത്രുതയ്ക്ക് കാരണം . ബിഷ്ണോയി സമുദായം കൃഷ്ണമൃഗങ്ങളെ അതീവ പവിത്രമായാണ് കണക്കാക്കുന്നത്.

