ഡബ്ലിൻ: അയർലൻഡിൽ വീണ്ടും നാടുകടത്തൽ. റൊമാനിയൻ പൗരന്മാരെയാണ് ഏറ്റവും ഒടുവിലായി നാടുകടത്തിയത്. നീതിന്യായമന്ത്രി ജിം ഒ കെല്ലഗനാണ് ഇക്കാര്യം അറിയിച്ചത്. ഇമിഗ്രേഷൻ ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് നാടുകടത്തലെന്ന് അദ്ദേഹം അറിയിച്ചു.
24 നും 57 നും ഇടയിൽ പ്രായമുള്ളവരെയാണ് നാടുകടത്തിയത്. 24 പേർ സംഘത്തിൽ ഉണ്ടായിരുന്നു. ഡബ്ലിൻ വിമാനത്താവളത്തിൽ നിന്നും കഴിഞ്ഞ ദിവസം വൈകീട്ട് നാലരയോടെ പുറപ്പെട്ട ചാർട്ടേർഡ് വിമാനത്തിലാണ് ഇവരെ നാടുകടത്തിയത്. ഐറിഷ് സമയം രാത്രി 8 മണിയോടെ ഇവരെ ബുക്കാറെസ്റ്റിൽ എത്തിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാടുകടത്തിയവരിൽ 24 പുരുഷന്മാരും ക്രിമിനൽ പശ്ചാത്തലമുള്ളവരാണ്. ഇതിൽ 18 പേർ ജയിൽശിക്ഷ അനുഭവിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു. അതേസമയം ഈ വർഷം ഇതുവരെ അയർലൻഡിൽ നിന്നും നാടുകടത്തിയവരുടെ എണ്ണം 148 ആയി. നാടുകടത്തലുകൾക്കായി ഇതുവരെ രണ്ട് ലക്ഷത്തിനടുത്ത് യൂറോയും സർക്കാർ ചിലവാക്കിയിട്ടുണ്ട്.

