ന്യൂഡൽഹി ; പാറ്റാ പാർട്ടി നേതാക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവർക്ക് ജയിൽ ശിക്ഷയ്ക്ക് ഉത്തരവിട്ട സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് വധഭീഷണി. മജിസ്ട്രേറ്റ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, അജ്ഞാതരായ വ്യക്തികൾക്കെതിരെ ഡൽഹി പോലീസ് ‘നോൺ-കോഗ്നിസബിൾ റിപ്പോർട്ട്’ രജിസ്റ്റർ ചെയ്തു.
പാറ്റാ പാർട്ടി നേതാക്കളുടെ ജാമ്യാപേക്ഷയിൽ വാദം കേൾക്കാൻ തയ്യാറായില്ലെന്ന് ആരോപിച്ചാണ് തനിക്ക് വധഭീഷണി വന്നതെന്നും മജിസ്ട്രേറ്റ് നൽകിയ പരാതിയിൽ പറയുന്നു. എന്നാൽ ഭീഷണികൾക്ക് റാങ്കയെയും ദാസിനെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട നടപടികളുമായി യാതൊരു ബന്ധവുമില്ലെന്നാണ് പാറ്റാ പാർട്ടി പറയുന്നത്.
പരാതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളോ, ഭീഷണിപ്പെടുത്തിയ വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങളോ പുറത്ത് വന്നിട്ടില്ല . ജന്തർ മന്തറിൽ അതിക്രമിച്ചു കയറിയെന്നാരോപിച്ച് കഴിഞ്ഞ ചൊവ്വാഴ്ചയാണ് സൗരവ് ദാസിനെയും റാങ്കയെയും കസ്റ്റഡിയിലെടുത്തത്. രാത്രി വൈകി അറസ്റ്റ് രേഖപ്പെടുത്തിയ ഇവരെ ബുധനാഴ്ച മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുകയും അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തു.
അതിനു പിന്നാലെ വാദം കേൾക്കുന്നത് പലതവണ വൈകിപ്പിച്ചെന്നും, കേസിന്റെ വസ്തുതകൾ പരിഗണിക്കാൻ മജിസ്ട്രേറ്റ് തയ്യാറായില്ലെന്നും പാറ്റാ പാർട്ടി ലീഗൽ ടീം മേധാവി രത്ന സിംഗ് ആരോപിച്ചിരുന്നു .

