ജയ്പൂർ : നടൻ ടൈഗർ ഷ്രോഫിന് നേരെയുണ്ടായ വധശ്രമത്തിൽ മൂന്ന് പേർ അറസ്റ്റിൽ. രാജസ്ഥാനിലെ കോട്ട റെയിൽവേ സ്റ്റേഷനിൽ നിന്നാണ് മൂന്ന് പേരെ ഗുണ്ടാ വിരുദ്ധ ടാസ്ക് ഫോഴ്സും രാജസ്ഥാൻ പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. പൂനെ-ജയ്പൂർ സൂപ്പർഫാസ്റ്റ് എക്സ്പ്രസിൽ നിന്നാണ് ഇവരെ പിടികൂടിയത് .
ടൈഗർ ഷ്രോഫിനെ വെടിവച്ചതിന് ശേഷം ഇവർ ഒളിവിൽ പോകുകയായിരുന്നു. ഇവരിൽ ഒരാൾ ബിഹാറിൽ നിന്നും, രണ്ട് പേർ ഹരിയാനയിൽ നിന്നുമുള്ളവരാണെന്നാണ് റിപ്പോർട്ട്. മൂവരെയും കോട്ട കോടതിയിൽ ഹാജരാക്കും. ഇവരെ മുംബൈ ക്രൈംബ്രാഞ്ച് ട്രാൻസിറ്റ് റിമാൻഡിൽ വാങ്ങും. ഇതിനായി മുംബൈ ക്രൈംബ്രാഞ്ചിന്റെ ഒരു സംഘം കോട്ടയിലെത്തി.
ഞായറാഴ്ച വൈകുന്നേരം മുംബൈയിലെ ജുഹു പ്രദേശത്ത് വച്ചാണ് ടൈഗർ ഷ്രോഫിന് നേരെ വധശ്രമമുണ്ടായത് . ആക്രമണത്തിൽ നിന്ന് ടൈഗർ ഷ്രോഫ് കഷ്ടിച്ച് രക്ഷപ്പെട്ടെങ്കിലും, ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്കേറ്റു. ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ ഏഴ് റൗണ്ട് വെടിയുതിർത്തതായാണ് റിപ്പോർട്ടുകൾ.
സംഭവത്തിന് തൊട്ടുപിന്നാലെ, ലോറൻസ് ബിഷ്ണോയി സംഘം ഉത്തരവാദിത്തം ഏറ്റെടുത്തു. സംഘവുമായി ബന്ധമുള്ള ഗുണ്ടാസംഘാംഗങ്ങളായ അനിൽ പണ്ഡിറ്റ്, ഹർമൻ സന്ധു എന്നിവരാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.മുമ്പ്, നിരവധി ആക്രമണങ്ങളിൽ പ്രതിയായിട്ടുള്ള കൊടും ക്രിമിനലാണ് അനിൽ പണ്ഡിറ്റ്.

