ആലപ്പുഴ : കാർത്തികപ്പള്ളിയിൽ പോഷകാഹാര കുറവിനെ തുടർന്ന് രണ്ട് വയസുകാരൻ മരിച്ച സംഭവത്തിൽ സഹോദരങ്ങളായ മറ്റ് നാല് കുട്ടികളെ കൂടി ഇന്ന് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കും. കാർത്തികപ്പള്ളി വില്ലേജിൽ വലിയകുളങ്ങര തൈമൂട്ടിൽ രാജേഷ്-താര ദമ്പതികളുടെ മകൻ രാഹുൽ ആണ് മരിച്ചത്.
ബാലാവകാശ കമ്മീഷൻ പൊലീസിൽ നിന്ന് വിവരങ്ങൾ തേടി. പോഷകാഹാരക്കുറവാണ് മരണകാരണമെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. കുട്ടിക്ക് ആവശ്യമായ പരിചരണമോ ഭക്ഷണമോ ലഭിക്കാത്തതിനെത്തുടർന്ന് കടുത്ത പോഷകാഹാരക്കുറവും വിളർച്ചയും അസാധാരണമായ ശരീരഭാരക്കുറവും ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു . രണ്ട് വയസുള്ള ഒരു കുട്ടിയ്ക്ക് സാധാരണ 12 കിലോ ഭാരമാണ് വേണ്ടത് . എന്നാൽ രാഹുലിന്റെ ശരീരഭാരം വെറും 7 കിലോയാണ്.
ഞായറാഴ്ച്ച രാവിലെയാണ് കുട്ടിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ ശരീരത്തിൽ രക്തക്കുറവും, കടുത്ത വിളർച്ചയും ഉണ്ടായിരുന്നതായും ആവശ്യത്തിന് ആഹാരവും, പരിചരണവും ലഭിക്കാത്തതാണ് മരണത്തിലേയ്ക്ക് നയിച്ചതെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ദമ്പതികളുടെ ആറാമത്തെ കുട്ടിയാണ് രാഹുൽ. താരയെ പ്രസവത്തിനായി ആലപ്പുഴ ഗവ.മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുന്നതിനാൽ വീട്ടിൽ കുട്ടികളും പിതാവും മാത്രമാണ് ഉണ്ടായിരുന്നത്. മുൻപും ഇവരുടെ ഒരാൺകുഞ്ഞ് മരിച്ചിരുന്നു. കയ്യിൽനിന്ന് അബദ്ധത്തിൽ താഴെ വീണതിനെത്തുടർന്നാണ് കുട്ടി മരിച്ചതെന്നായിരുന്നു കുടുംബം നൽകിയ വിശദീകരണം. മഴയിൽ വീട് തകർന്ന് പ്ലാസ്റ്റിക് ഷെഡിലാണ് കുടുംബം കഴിയുന്നത്. മൂന്ന് ആൺകുട്ടികളും, നാലു പെൺകുട്ടികളുമടക്കം ഏഴ് മക്കളാണ് ഈ ദമ്പതികൾക്കുള്ളത് . ഇവരിൽ മറ്റ് കുട്ടികൾക്ക് 10, 7, 5, 3 എന്നിങ്ങനെയാണ് പ്രായം .

