ന്യൂഡൽഹി: പാറ്റാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായ് ദിപ്കെ അന്തരിച്ചു. 85 വയസ്സായിരുന്നു.മഹാരാഷ്ട്രയിലെ ഹിംഗോളി ജില്ലയിലുള്ള ഗ്രാമമായ സാന്തൂക് പിംപ്രിയിൽ വെച്ചാണ് സാവിത്രിബായ് ദിപ്കെ അന്തരിച്ചത്. കുറച്ചു ദിവസങ്ങളായി അവർ അസുഖബാധിതയായിരുന്നു.
ഡൽഹിയിൽ വിമാനമിറങ്ങിയ ഉടൻ തന്നെ ഡൽഹി പോലീസ് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് മണിക്കൂറുകൾക്കുള്ളിലാണ് മരണവാർത്ത പുറത്തുവന്നത്.മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ആസൂത്രണം ചെയ്ത പ്രതിഷേധത്തിൽ പങ്കെടുക്കാനായി മുംബൈയിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്നു ദിപ്കെയും , പാറ്റാ പാർട്ടി നേതാക്കളായ സൗരവ് ദാസും അശുതോഷ് രങ്കയും.
ദിപ്കെയുടെ മാതാപിതാക്കളായ ഭഗവാൻ ദിപ്കെയും അനിതയും നിലവിൽ ഛത്രപതി സംഭാജിനഗറിലാണുള്ളത് . വീടിനു ചുറ്റും കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
ദിപ്കെ പോലീസ് കസ്റ്റഡിയിലായതിനാൽ, മുത്തശ്ശിയുടെ മരണവാർത്ത അറിഞ്ഞിട്ടുണ്ടോ എന്ന് വ്യക്തമല്ല. വിവരം അറിയിച്ചുകഴിഞ്ഞാൽ സംഭാജിനഗറിലേക്ക് പോകാനുള്ള സൗകര്യം പോലീസ് ഒരുക്കാനാണ് സാധ്യത .

