ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇൻഡി സഖ്യം നേതാക്കൾ ഇന്ന് രാത്രി 8 മണിക്ക് രാഷ്ട്രപതി ദ്രൗപതി മുർമുവിനെ കാണും.
ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, രാജ്യസഭയിലെ പ്രതിപക്ഷ നേതാവും കോൺഗ്രസ് പ്രസിഡന്റുമായ മല്ലികാർജുൻ ഖാർഗെ, പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും അഖിലേന്ത്യാ തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി, ആർജെഡി നേതാവ് തേജസ്വി യാദവ്, എൻസിപി ശരദ് പവാർ വിഭാഗത്തിൽ നിന്നുള്ള സുപ്രിയ സുലെ, സിപിഐഎമ്മിൽ നിന്നുള്ള എംഎ ബേബി എന്നിവർ യോഗത്തിൽ പങ്കെടുക്കുമെന്ന് വിവരം. സമാജ്വാദി പാർട്ടിയിൽ നിന്നുള്ള എംപി രാജീവ് റായ് എന്നിവരും പ്രതിനിധി സംഘത്തിൽ ചേരും.
ഒക്ടോബർ 2 ന് രാഷ്ട്രപതിയെ കാണാൻ പ്രതിപക്ഷ നേതാക്കൾ സമയം ആവശ്യപ്പെട്ടിരുന്നു . ഇതിനുശേഷം, ചർച്ചയിൽ പങ്കെടുക്കുന്ന നേതാക്കളുടെ പേരുകൾ രാഷ്ട്രപതി ഭവൻ ആവശ്യപ്പെട്ടു. എസ്പി തലവൻ അഖിലേഷ് യാദവും ശിവസേന (ഉദ്ധവ്) വിഭാഗം തലവൻ ഉദ്ധവ് താക്കറെയും രാഷ്ട്രപതിയെ കാണില്ലെന്ന് റിപ്പോർട്ട്. ഇന്ത്യ മുന്നണി നേതാക്കൾ ഇന്ന് വൈകുന്നേരം 5 മണിക്ക് കോൺസ്റ്റിറ്റ്യൂഷൻ ഹൗസിലെ സെൻട്രൽ ഹാളിൽ യോഗം ചേരുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പുതിയ പ്രതിഷേധങ്ങൾ ആസൂത്രണം ചെയ്യുമെന്നുമാണ് റിപ്പോർട്ട്.

