ന്യൂഡൽഹി : അന്തരിച്ച നടൻ നാനാ പടേക്കർക്ക് ആദരവ് അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തലമുറകളോളം ഓർമ്മിക്കപ്പെടുന്ന കഥാപാത്രങ്ങളെ നമുക്ക് സമ്മാനിച്ച താരമാണ് നാനാ പടേക്കറെന്ന് പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ അഭിനയശൈലിയെയും വൈവിധ്യമാർന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള കഴിവിനെയും ഹിന്ദി, മറാത്തി സിനിമകൾക്ക് നൽകിയ സംഭാവനകളെയും മോദി എടുത്തു പറഞ്ഞു.
“നാന പടേക്കർ ജിക്ക് ഉണ്ടായിരുന്നതുപോലെയുള്ള ശ്രദ്ധേയമായ ശൈലിയും സവിശേഷതയും ശക്തമായ സാന്നിധ്യവും വളരെ കുറച്ച് നടന്മാർക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഓരോ വേഷത്തിലും അവിശ്വസനീയമായ വൈവിധ്യവും സർഗ്ഗാത്മകതയും പ്രകടിപ്പിച്ച അദ്ദേഹം, തലമുറകളോളം ഓർമ്മിക്കപ്പെടുന്ന കഥാപാത്രങ്ങളെ നമുക്ക് സമ്മാനിച്ചു. തുറന്നുപറച്ചിലിനും വ്യക്തമായ അഭിപ്രായങ്ങൾക്കും അദ്ദേഹം പ്രശസ്തനായിരുന്നു; തന്റെ അഭിപ്രായങ്ങൾ തുറന്നുപറയാൻ അദ്ദേഹം ഒരിക്കലും മടിച്ചില്ല.
ഹിന്ദി, മറാത്തി സിനിമകൾക്ക് നാന പടേക്കർ വലിയ സംഭാവനയാണ് നൽകിയത്. അദ്ദേഹത്തിന്റെ വിയോഗം വലിയൊരു ശൂന്യത സൃഷ്ടിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും എണ്ണമറ്റ ആരാധകർക്കും എന്റെ അനുശോചനം. ഓം ശാന്തി.” – എന്നാണ് മോദി സോഷ്യൽ മീഡിയയിൽ കുറിച്ചത്.
നാന പടേക്കറുടെ വിയോഗത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു ദുഃഖം രേഖപ്പെടുത്തി. ശക്തവും ഹൃദയസ്പർശിയുമായ അഭിനയത്തിലൂടെ വൈവിധ്യമാർന്ന മാനുഷിക അനുഭവങ്ങളെ അദ്ദേഹം ജീവസ്സുറ്റതാക്കിയതായി മുർമു സോഷ്യൽ മീഡിയയിൽ പങ്ക് വച്ച പോസ്റ്റിൽ പറഞ്ഞു . ‘ ജനങ്ങളുടെ ഹൃദയത്തിലും മനസ്സിലും ആഴത്തിൽ പതിഞ്ഞ കഥാപാത്രങ്ങളെയാണ് അദ്ദേഹം അവതരിപ്പിച്ചത്. സാമൂഹിക സേവനത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത, പാർശ്വവൽക്കരിക്കപ്പെട്ടവരോടുള്ള അദ്ദേഹത്തിന്റെ കരുതലിനെയാണ് പ്രതിഫലിപ്പിച്ചത്. അദ്ദേഹത്തിന്റെ വിയോഗം ഇന്ത്യൻ സിനിമയ്ക്ക് വലിയൊരു നഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകർക്കും എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു.‘ എന്നും രാഷ്ട്രപതി പറഞ്ഞു.
അദ്ദേഹത്തോടൊപ്പമുള്ള ചിത്രങ്ങൾ പങ്ക് വച്ചാണ് അമിത് ഷാ അനുശോചനം അറിയിച്ചത്. ‘നാം ഫൗണ്ടേഷൻ’ വഴി വരൾച്ച ബാധിച്ച കർഷക കുടുംബങ്ങളെ സഹായിക്കുന്നതായാലും, സൈനികരുടെ മനോവീര്യം വർദ്ധിപ്പിക്കാൻ അതിർത്തി സന്ദർശിക്കുന്നതായാലും, പ്രശസ്തിയുടെ ഉന്നതിയിലെത്തിയ ശേഷവും അദ്ദേഹം തന്റെ വേരുകളുമായുള്ള ബന്ധം നിലനിർത്തിയിരുന്നുവെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി.
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എന്നിവരുൾപ്പെടെ നിരവധി പ്രമുഖർ അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.

