മുംബൈ : ബോറിവ്ലിയിലെ രാധാകൃഷ്ണ ഹോട്ടലിൽ ദോശയിൽ ചത്ത എലിയെ കണ്ടെത്തിയെന്ന ആരോപണത്തിന് പിന്നാലെ ഹോട്ടൽ ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിലെ യുവതി പോലീസ് പിടിയിലായി. ബോറിവ്ലി ഗൊരെയ് സ്വദേശിയായ മാൻസി അമിത് ആചാര്യ (36) എന്ന യുവതിയെയാണ് പോലീസ് പിടികൂടിയത്.കേസ് ഒത്തുതീർപ്പാക്കാൻ 25 ലക്ഷം രൂപയാണ് മാൻസി ആവശ്യപ്പെട്ടത്.
സെപ്റ്റംബർ 24-ന് മാൻസി ആചാര്യ രണ്ട് പുരുഷന്മാർക്കും ഒരു കുട്ടിക്കുമൊപ്പം രാധാകൃഷ്ണ ഹോട്ടലിൽ എത്തിയിരുന്നു. അവർ ഓർഡർ ചെയ്ത വിഭവങ്ങളിൽ ഒന്നായ ‘മൈസൂർ മസാല ദോശ’യ്ക്കുള്ളിൽ ചത്ത എലിയെ കണ്ടെത്തിയെന്ന് കണ്ടെത്തിയതായി മാൻസി ആരോപിച്ചു. തന്റെ സഹോദരൻ ദോശയുടെ കുറച്ചു ഭാഗം കഴിച്ചുകഴിഞ്ഞപ്പോഴാണ് അതിനുള്ളിൽ ചെറിയൊരു ചത്ത എലിയെ കണ്ടത്. ഉടൻ തന്നെ ഛർദ്ദിക്കുകയും ചെയ്തുവെന്നാൺ മാൻസി ആരോപിച്ചത്.തുടർന്ന് ബോറിവാലി പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെത്തുടർന്ന്, സെപ്റ്റംബർ 28-ന് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കി.അതിനുശേഷം, വീഡിയോ കൂടുതൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഹോട്ടൽ ഉടമയ്ക്ക് കോളുകൾ വരാൻ തുടങ്ങി. വിളിച്ചയാൾ നഷ്ടപരിഹാരമായി 25 ലക്ഷം രൂപ ആവശ്യപ്പെട്ടു. തുടർച്ചയായ ഫോൺ കോളുകൾ വന്നതിന് പിന്നാലെ ആറ് ലക്ഷം രൂപയ്ക്ക് കേസ് ഒത്തുതീർപ്പാക്കാമെന്ന ധാരണയിലെത്തുകയായിരുന്നു. ഇതിനോടകം ഒരുലക്ഷം രൂപ നൽകിയതായും ഹോട്ടലുടമ പറഞ്ഞു.
സെപ്റ്റംബർ 29-ന് ഹോട്ടൽ ഉടമ ബോറിവാലി പോലീസിൽ പരാതി നൽകി.തുടർന്ന് പോലീസ് തന്ത്രപരമായി കെണിയൊരുക്കുകയായിരുന്നു. പണത്തിന്റെ ബാക്കി തുകകൂടി വാങ്ങാനായി വിളിച്ചുവരുത്തിയപ്പോൾ യുവതിയെ പോലീസ് കൈയോടെ പിടികൂടി.ഈ കേസിൽ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. മറ്റ് പ്രതികളുടെ പങ്കിനെക്കുറിച്ചും ബോറിവലി പോലീസ് അന്വേഷിക്കുന്നുണ്ട്

