മോസ്കോ ; റഷ്യൻ കരിങ്കടൽ തീരത്ത് എണ്ണ ടാങ്കറിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ ലൈബീരിയൻ പതാകയുള്ള കപ്പലിൽ വൻ തീപിടുത്തമുണ്ടായി. ടാങ്കറിലുണ്ടായിരുന്ന 23 ഇന്ത്യൻ ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി .സംഭവത്തിന് പിന്നിൽ യുക്രെയ്ൻ ആണെന്നാണ് അനൗദ്യോഗിക വിവരം.
ചൊവ്വാഴ്ച റഷ്യൻ വിനോദസഞ്ചാര നഗരമായ സോച്ചിക്ക് സമീപം കടലിൽ വെച്ച് ‘അഫ്രാമാക്സ് റിയോ’ എന്ന എണ്ണക്കപ്പലിനാണ് തീപിടിച്ചത് . ടാങ്കറിലുണ്ടായിരുന്ന 23 ജീവനക്കാരും ഇന്ത്യക്കാരായിരുന്നു . ആർക്കും പരിക്കേറ്റതായും റിപ്പോർട്ടില്ല.
തീയുടെ തീവ്രത കാരണം ആദ്യം അഗ്നിശമന സേനാംഗങ്ങൾക്ക് ടാങ്കറിലേക്ക് എത്താൻ കഴിഞ്ഞില്ല. ടാങ്കറിൽ അസംസ്കൃത എണ്ണ ഉണ്ടായിരുന്നുവെന്നും ആക്രമണത്തിന് ശേഷവും അത് കത്തിക്കൊണ്ടിരിക്കുകയാണെന്നും റഷ്യൻ ഉദ്യോഗസ്ഥർ പറഞ്ഞു.
സംഭവത്തെത്തുടർന്ന് സോച്ചി തീരത്തേക്കും ബീച്ചുകളിലേക്കും പൊതുജനങ്ങൾക്ക് പ്രവേശനം അധികൃതർ നിരോധിച്ചു. ആക്രമണത്തിന് ആരാണ് ഉത്തരവാദിയെന്ന് റഷ്യ ഉടൻ വെളിപ്പെടുത്തിയിട്ടില്ല. ടാങ്കർ ഡ്രോൺ ഉപയോഗിച്ചാണ് ആക്രമിച്ചതെന്ന് റഷ്യൻ സൈനിക വൃത്തങ്ങൾ പറഞ്ഞു.
കഴിഞ്ഞ ദിവസം തുർക്കിയുടെ ഉടമസ്ഥതയിലുള്ള ചരക്ക് കപ്പൽ എംവി റോയാദ് മമ്മദോവ് റൊമാനിയയുടെ പ്രാദേശിക ജലാതിർത്തിക്ക് പുറത്തുള്ള കരിങ്കടലിൽ തീപിടിച്ച് മുങ്ങി. സംഭവത്തിൽ രണ്ട് പേർ മരിക്കുകയും 11 ജീവനക്കാരെ രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു .കപ്പലിലെ ജീവനക്കാരിൽ മൂന്ന് ഇന്ത്യക്കാർ ഉണ്ടായിരുന്നു. അവരിൽ ഒരാൾക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
സംഭവങ്ങളുടെ പശ്ചാത്തലത്തിൽ, ഇന്ത്യ ആക്രമണത്തെ അപലപിക്കുകയും നിലവിലുള്ള സംഘർഷങ്ങൾ സംഭാഷണങ്ങളിലൂടെയും നയതന്ത്ര മാർഗങ്ങളിലൂടെയും പരിഹരിക്കണമെന്ന് വ്യക്തമാക്കുകയും ചെയ്തു.

