ഓസ്ട്രേലിയയിലെ വിനോദസഞ്ചാര ദ്വീപിന് സമീപം ജലവിമാനം തകർന്നുവീണു. അപകടത്തിൽ മൂന്ന് പേർ മരിച്ചു. മരിച്ചവരിൽ പൈലറ്റും സ്വിറ്റ്സർലൻഡിൽ നിന്നും ഡെന്മാർക്കിൽ നിന്നുമുള്ള രണ്ട് വിനോദ സഞ്ചാരികളും ഉൾപ്പെടുന്നു. മൂന്ന് പേർക്ക് പരിക്കേറ്റു.
ഇന്ത്യൻ മഹാസമുദ്രത്തിലെ റോട്ട്നെസ്റ്റ് ദ്വീപിന് സമീപമായിരുന്നു അപകടം. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞാണ് ആറ് വിനോദസഞ്ചാരികളുമായി വിമാനം തകർന്നുവീണത്.സ്വിറ്റ്സർലൻഡിൽ നിന്നുള്ള 65 വയസ്സുള്ള സ്ത്രീയും ഡെന്മാർക്കിൽ നിന്നുള്ള 60 വയസ്സുള്ള പുരുഷനും 34 കാരനായ പ്രാദേശിക പൈലറ്റും ഉൾപ്പെടെയാണ് കൊല്ലപ്പെട്ടത്.
റോട്ട്നെസ്റ്റിൽ അവധിക്കാലം ആഘോഷിക്കാനെത്തിയ വിനോദസഞ്ചാരി ഗ്രെഗ് ക്വിൻ, വിമാനാപകടത്തിന് സാക്ഷിയാണ്. “ഞങ്ങൾ ജലവിമാനം പറന്നുയരുന്നത് നിരീക്ഷിക്കുകയായിരുന്നു, അത് വെള്ളത്തിലേക്ക് ഇറങ്ങാൻ തുടങ്ങി, പെട്ടെന്ന് അത് മറിഞ്ഞ് തകർന്നു,” പെർത്തിലെ ഓസ്ട്രേലിയൻ ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ റേഡിയോയോട് ക്വിൻ പറഞ്ഞു.
ദ്വീപിൽ കുട്ടികളുമായി അവധിക്ക് പോയ കുടുംബങ്ങൾ ഉൾപ്പെടെയുള്ളവരുടെ മുന്നിൽ വെച്ചാണ് അപകടമുണ്ടായത് . അപകടത്തെക്കുറിച്ച് ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചതായി സംസ്ഥാന പോലീസ് കമ്മീഷണർ കേണൽ ബ്ലാഞ്ച് പറഞ്ഞു.സ്വാൻ റിവർ സീപ്ലെയിനിൻ്റെ ഉടമസ്ഥതയിലുള്ളതാണ് വിമാനം. പരിക്കേറ്റ മൂന്ന് പേരെ ഗുരുതരാവസ്ഥയിൽ പെർത്തിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു.