ഭോപ്പാൽ ; മദ്ധ്യപ്രദേശ് സെൻട്രൽ ജയിലിലെ അതീവ സുരക്ഷാ സെല്ലിന് സമീപം സംശയാസ്പദമായ ഡ്രോൺ കണ്ടെത്തി. ചൈനീസ് നിർമ്മിത ഡ്രോണാണ് ഭോപ്പാൽ ജയിലിലെ സുരക്ഷാ സെല്ലുകൾക്ക് സമീപം കിടക്കുന്നതായി കണ്ടെത്തിയത് . പരിശോധന നടത്തുകയായിരുന്ന പട്രോളിംഗ് ഓഫീസറാണ് ചൈനീസ് ഡ്രോൺ കണ്ടെത്തിയത്.
ആൻഡ സെൽ എന്നും അറിയപ്പെടുന്ന ഇത് ഭയാനകമായ ഗുണ്ടാസംഘങ്ങളെയും തീവ്രവാദികളെയും പാർപ്പിക്കുന്ന സെല്ലാണ്. സംഭവത്തിൽ പരിഭ്രാന്തരായ ഗാർഡ് മുതിർന്ന ജയിൽ ഉദ്യോഗസ്ഥരെയും മറ്റ് ജയിൽ ഉദ്യോഗസ്ഥരെയും വിവരമറിയിച്ചു. പിന്നീട് ഡ്രോൺ പരിശോധനയ്ക്കായി ജയിൽ സൂപ്രണ്ടിൻ്റെ ഓഫീസിലേയ്ക്ക് മാറ്റി.
രണ്ട് ലെൻസുകളുള്ള, ഭാരം കുറഞ്ഞ ചൈനീസ് മോഡലാണ് ഡ്രോൺ എന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. നിലവിൽ, ഭോപ്പാലിൽ നിന്നുള്ള സാങ്കേതിക വിദഗ്ധർ ഡ്രോണിൻ്റെ ഉത്ഭവം കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചു.രാജ്യത്തെ ഏറ്റവും സെൻസിറ്റീവ് ജയിലുകളിലൊന്നാണ് ഭോപ്പാൽ സെൻട്രൽ ജയിൽ. 70 ഭീകരരെയാണ് ഇവിടെ പാർപ്പിച്ചിരിക്കുന്നത്. സിമി, ഹിസ്ബുത്തഹ്രീർ (എച്ച്യുടി), പിഎഫ്ഐ, ഐസിസ്, ജമാത്ത് ഉൾ മുജാഹിദ്ദീൻ ബംഗ്ലാദേശ് (ജെഎംബി) തുടങ്ങിയ സംഘടനകളിൽപ്പെട്ട 70 ഭീകരർ ഈ ജയിലിൽ അതീവ സുരക്ഷാ സെല്ലുകളിലാണുള്ളത്.