ഗുവാഹത്തി: സൈനിക നീക്കങ്ങളുടെ വിശദാംശങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ വിവരങ്ങൾ പാകിസ്ഥാന് കൈമാറിയതുമായി ബന്ധപ്പെട്ട് അസമിൽ രണ്ട് പേർ അറസ്റ്റിൽ. വിരമിച്ച സൈനികൻ ഉൾപ്പെടെയാണ് അറസ്റ്റിലായതെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
കേന്ദ്ര ഏജൻസികളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി . രണ്ട് പേരെയും കൂടുതൽ അന്വേഷണത്തിനായി കേന്ദ്ര ഏജൻസികൾക്ക് കൈമാറുമെന്നാണ് റിപ്പോർട്ട് . അറസ്റ്റിലായവരിൽ ഒരാൾ വിരമിച്ച സൈനിക ജവാനാണെന്നും പിന്നീട് സൈന്യത്തിൽ കരാർ അടിസ്ഥാനത്തിൽ വീണ്ടും നിയമിക്കപ്പെട്ടതാണെന്നും ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
ഇരുവരെയും ഹണി ട്രാപ്പിൽ കുടുക്കിയാണോ വിവരങ്ങൾ ചോർത്തിയതെന്നതിനെ പറ്റിയും അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ചാരവൃത്തിയുമായി ബന്ധപ്പെട്ട് 31 കാരനായ ബീഹാർ സ്വദേശി അഭിഷേക് കുമാർ സിങ്ങിനെ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് അസമിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു . പുർബ ചമ്പാരൻ സ്വദേശിയായ അഭിഷേക് കുമാർ ഗുവാഹത്തിയിലെ വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്.
സുരക്ഷാ സേനയെക്കുറിച്ചുള്ള രഹസ്യ വിവരങ്ങൾ പാകിസ്ഥാൻ ഇന്റലിജൻസ് ഓപ്പറേറ്റർക്ക് കൈമാറുന്നതിൽ അഭിഷേകിന് പങ്കുള്ളതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

