ന്യൂഡൽഹി : ഫ്ലൈ ദുബായ് വിമാനം അട്ടിമറിക്കാനുള്ള ശ്രമത്തെ പ്രശംസിച്ച് അൽ-ഖ്വയ്ദ . സംഭവം 2001 സെപ്റ്റംബർ 11 ലെ ആക്രമണത്തെ അനുസ്മരിപ്പിക്കുന്നതാണെന്ന അഭ്യൂഹങ്ങൾ ഉയരുന്നതിനിടെയാണിത്. അമേരിക്കൻ, ഇസ്രായേലി വിമാനങ്ങളെ ലക്ഷ്യമിട്ട് സമാനമായ ആക്രമണങ്ങൾക്ക് അൽ-ഖ്വയ്ദ ആഹ്വാനം ചെയ്തിട്ടുമുണ്ട്. ജൂലൈയിൽ അൽ-ഖ്വയ്ദ അനുകൂലികൾ ആരംഭിച്ച പ്രസിദ്ധീകരണമായ അൽ-ബയാന്റെ ഏറ്റവും പുതിയ ലക്കത്തിലാണ് ഇക്കാര്യം പറയുന്നത് . ഗ്രൂപ്പിന്റെ ടെലിഗ്രാം ചാനലുകളിതും ഇത് പങ്ക് വച്ചതായാണ് റിപ്പോർട്ട്.
9/11 ആക്രമണങ്ങളെയും സെപ്റ്റംബർ 30-ന് ഫ്ലൈ ദുബായ് ഫ്ലൈറ്റ് റാഞ്ചാൻ ശ്രമിച്ചതിനെയും ലേഖനത്തിൽ പരാമർശിക്കുന്നു . അറബി ഭാഷയിലുള്ളതാണ് ലേഖനം . “യുദ്ധം ഇതുവരെ അവസാനിച്ചിട്ടില്ല സയണിസ്റ്റുകളെയും അമേരിക്കക്കാരെയും ഇസ്ലാമിനെതിരെ പോരാടുന്ന മറ്റെല്ലാ അവിശ്വാസികളെയും വഹിച്ചുകൊണ്ടുള്ള വിമാനങ്ങൾ ഇപ്പോഴും ആകാശത്ത് പറന്നു കൊണ്ടിരിക്കുകയാണ്, സെപ്റ്റംബർ 11 ലും 30 ലും സംഭവിച്ചതുപോലെ അവരെയും ലക്ഷ്യം വയ്ക്കാം.
അമേരിക്കയ്ക്കും സയണിസ്റ്റുകൾക്കും ഇന്ന് മുമ്പെന്നത്തേക്കാളും കൂടുതൽ ശത്രുക്കളുണ്ട്. ദൈവത്തിൽ വിശ്വസിക്കാത്ത ഒരാൾ അവരെ ലക്ഷ്യം വയ്ക്കാൻ സാധ്യതയുണ്ട്, ആ പ്രചാരണം ആത്യന്തികമായി ഇസ്ലാമിന് ഗുണം ചെയ്യും. ദുഷ്ട അമേരിക്കൻ സാമ്രാജ്യം അവസാനിക്കുന്ന ദിവസം വരും” എന്നാണ് ലേഖനത്തിൽ പറയുന്നത്.
സെപ്റ്റംബർ 11 ആക്രമണത്തിനിടെ വേൾഡ് ട്രേഡ് സെന്ററിൽ വിമാനം ഇടിക്കുന്നതിന്റെ ചിത്രവും ഫ്ലൈ ദുബായ് വിമാനം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട മറ്റൊരു ചിത്രവും ലേഖനത്തിനൊപ്പം നൽകിയിട്ടുണ്ട്.

