തിരുവനന്തപുരം ; യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ പൊലീസ് നടപടിക്കെതിരെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കു പരാതി നല്കി എസ്എഫ്ഐ. മുന്‍ മന്ത്രി വി.ശിവന്‍കുട്ടിക്കൊപ്പമാണ് എസ്എഫ്ഐ സംസ്ഥാന ഭാരവാഹികള്‍ ആഭ്യന്തരമന്ത്രിയെ കാണാന്‍ എത്തിയത്. ആരോഗ്യപ്രശ്നങ്ങള്‍ മൂലം മന്ത്രി രമേശ് ചെന്നിത്തല ചികിത്സയിൽ കഴിയുന്ന സ്വകാര്യ ആശുപത്രിയിലെത്തി നേരില്‍ കണ്ടാണ് ഇവര്‍ പരാതി നൽകിയത്.
കന്റോണ്‍മെന്റ് സ്റ്റേഷനിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതികാരബുദ്ധിയോടെയാണ് പെരുമാറുന്നതെന്നും, ഇവർക്ക് രാഷ്ട്രീയ ചായ്വ് ഉണ്ടെന്നും പരാതിയില്‍ പറയുന്നു . ഹോസ്റ്റലിലെത്തിയ പൊലീസുകാര്‍ എസ്എഫ്ഐക്കാരെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളും മന്ത്രിക്കു കൈമാറി. ഒരു പ്രകോപനവുമില്ലാതെയാണ് പൊലീസ് നടപടി ഉണ്ടായതെന്നും കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും പരാതിയില്‍ പറയുന്നു.

