ജെറുസലേം : ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആക്രമിക്കുകയും ഫ്ലൈ ദുബായ് വിമാനം തകർക്കാൻ ശ്രമിക്കുകയും ചെയ്ത ഒമാനി സഹപൈലറ്റ്, ജൂതന്മാരെ കൊല്ലുന്നതിനെക്കുറിച്ച് സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്തിരുന്നതായി ഇസ്രായേലി ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ. പൈലറ്റ് ജിഹാദിസ്റ്റ് ആശയധാരയിലേക്ക് ആകൃഷ്ടനായിരുന്നെന്ന് സൂചിപ്പിക്കുന്നതായിരുന്നു സോഷ്യൽ മീഡിയയിലെ ഇടപെടലുകളെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി.പലസ്തീൻ വിഷയത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ഇസ്രായേലിനോട് ശത്രുത പുലർത്തുകയും ചെയ്തിരുന്ന വ്യക്തിയായിരുന്നു ഒമാനി പൈലറ്റെന്നും സൂചനയുണ്ട്.
സഹപൈലറ്റിന്റെ കൈവശമുണ്ടായിരുന്ന വസ്തുക്കൾക്കിടയിൽ ‘ഫ്രീ പലസ്തീൻ’ ഗ്രൂപ്പുകളുടെ ലഘുലേഖകളും പ്രസിദ്ധീകരണങ്ങളും മറ്റ് പലസ്തീൻ അനുകൂല വസ്തുക്കളും കണ്ടെത്തിയതായി ഇസ്രായേലി വാർത്താ ഏജൻസി വെളിപ്പെടുത്തി. “ആത്മഹത്യ ചെയ്യാൻ തയ്യാറായിരുന്ന ഒരാളായിരുന്നു ഇയാൾ . ജിഹാദിസ്റ്റ് ആശയധാരയിലേക്ക് ഇയാൾ ആകൃഷ്ടനായി മാറിയെന്ന് അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വ്യക്തമാക്കുന്നു. ജൂതന്മാരെ കൊല്ലുന്നതിനെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചിരുന്നത്.”ഇസ്രായേലി ഉദ്യോഗസ്ഥൻ പറയുന്നു.
കീഴ്പ്പെടുത്തിയ ശേഷം, തന്നെ കൊല്ലാൻ ഇയാൾ എമിറാത്തി ജീവനക്കാരോട് ആവശ്യപ്പെട്ടതായി ‘ദ ടൈംസ് ഓഫ് ഇസ്രായേൽ’ റിപ്പോർട്ട് ചെയ്യുന്നു. ഒമാനി സഹപൈലറ്റ് “ഇസ്ലാമിസ്റ്റ് തീവ്രവാദ ആശയങ്ങൾ സ്വീകരിച്ചിരുന്നു” എന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രത്യേകം പരാമർശിച്ചു.
സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന ആരോപണത്തിൽ ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ലെങ്കിലും, ഇറാനുമായുള്ള ബന്ധം തെളിയിക്കപ്പെട്ടാൽ അമേരിക്ക “ശക്തമായ തിരിച്ചടി” നൽകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു.

