പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ അഞ്ചും മൂന്നും വയസ്സുള്ള കുട്ടികളെ അമ്മ കൊലപ്പെടുത്തിയത് അതിക്രൂരമായാണെന്ന് പോലീസ് . മണൽക്കാട് പഴനിയാർ പാളയം സ്വദേശികളായ ജോൺ കുമാർ-നിവേദ്യ ദമ്പതികളുടെ മക്കളായ ജെന്നിഫർ ജൂലിയറ്റ്, റോബിൻ ക്രിസ്റ്റഫർ എന്നിവരെയാണ് ചൊവ്വാഴ്ച മേനോൻപാറ കുറങ്ങാട്ടെ വാടകവീട്ടിലെ കുളിമുറിയിലുള്ള ജലസംഭരണിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അറസ്റ്റിലായ നിവേദ്യയെ (33) മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഭാവിയിൽ സ്വതന്ത്രമായി ജീവിക്കുന്നതിന് കുട്ടികൾ തടസ്സമാകുമെന്ന് കരുതിയതിനാലാണ് അവരെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന് നിവേദ്യ പോലീസിനോട് പറഞ്ഞു. കുളിമുറിയിലെ സിമന്റ് ടാങ്കിന് സമീപം കളിച്ചുകൊണ്ടിരുന്ന മൂത്ത മകൾ ജെന്നിഫറിന്റെ തല ബലമായി വെള്ളത്തിനടിയിൽ അമർത്തിപ്പിടിക്കുകയായിരുന്നു. മകൾ മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം, അടുത്തു കളിച്ചുകൊണ്ടിരുന്ന മകനെ എടുത്ത് വെള്ളത്തിലേക്ക് തള്ളിയിടുകയും പുറകിൽ അമർത്തിപ്പിടിക്കുകയും ചെയ്തതായി നിവേദ്യ പറഞ്ഞു. എന്നാൽ, പോലീസ് ഈ മൊഴി പൂർണ്ണമായും വിശ്വാസത്തിലെടുത്തിട്ടില്ല.
ടാങ്കിൽ മുക്കാൽ ഭാഗത്തോളം മാത്രമേ വെള്ളമുണ്ടായിരുന്നുള്ളൂ. ശ്വാസകോശത്തിൽ വെള്ളം കയറിയതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കുട്ടികളുടെ ശരീരത്തിൽ മറ്റ് മുറിവുകളോ ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളോ ഉണ്ടായിരുന്നില്ല.കളിക്കുന്നതിനിടെ കുട്ടികൾ അബദ്ധത്തിൽ ജലസംഭരണിയിൽ വീണതാകാമെന്നാണ് പോലീസ് ആദ്യം സംശയിച്ചിരുന്നത്. എന്നാൽ, മരണം കൊലപാതകമാകാൻ സാധ്യതയുണ്ടെന്ന് കുട്ടികളുടെ പിതൃസഹോദരി ബെൻസിയും മറ്റ് ബന്ധുക്കളും പരാതി നൽകിയതിനെത്തുടർന്ന് നിവേദ്യയെ വീണ്ടും ചോദ്യം ചെയ്യുകയായിരുന്നു . ആദ്യം ആരോപണങ്ങൾ നിഷേധിച്ചെങ്കിലും പിന്നീട് അവർ കുറ്റം സമ്മതിച്ചു.

