തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടന്ന പ്രകടനം രാത്രിയിൽ അക്രമാസക്തമായി. മന്ത്രി ഒ ജെ ജനീഷ്, ഷാഫി പറമ്പിൽ എം പി എന്നിവർ നേതൃത്വം നൽകിയ സെക്രട്ടറിയേറ്റ് മാർച്ച്, യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിലെ എസ് എഫ് ഐ പ്രവർത്തകരുമായി ഇടഞ്ഞതോടെ സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.
മാർച്ച് പാളയത്ത് എത്തിയപ്പോൾ കറന്റ് പോയതിനെ തുടർന്ന് യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിൽ നിന്നും ആരോ ‘പൂക്കി കട്ട്‘ എന്ന് കൂവിയതോടെയാണ് സംഘർഷം ആരംഭിച്ചതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കൂവലിനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതികരിച്ചു. തുടർന്ന് ഹോസ്റ്റലിനുള്ളിൽ നിന്നും കല്ലും ബീയർ കുപ്പികളും മാർച്ചിന് നേരെ പാഞ്ഞ് വന്നു. ഇതിന് മറുപടിയായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഹോസ്റ്റലിനുള്ളിലേക്ക് തീപ്പന്തം എറിഞ്ഞു. ഇതോടെ പോലീസ് ലാത്തിച്ചാർജ്ജും ഗ്രനേഡ് പ്രയോഗവും കണ്ണീർവാതക പ്രയോഗവും നടത്തുകയായിരുന്നു.
ഹോസ്റ്റലിനുള്ളിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ എറിഞ്ഞ പന്തങ്ങളിലൊന്ന് നിർത്തിയിട്ടിരുന്ന വാഹനത്തിന് മേൽ പതിച്ചു. ഇതിനിടെ സംഘർഷം തടയാൻ ശ്രമിച്ച പോലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. എസ് എഫ് ഐ പ്രവർത്തകരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും കല്ലേറ് തുടർന്ന് കൊണ്ടേയിരുന്നു. അരിശം തീരാതെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഫ്ലക്സുകൾ വലിച്ച് കീറി. കൈയ്യാങ്കളി ആരംഭിച്ചതോടെ മന്ത്രിയും എം പിയും മുങ്ങിയതായി ആക്ഷേപമുണ്ട്. പിന്നീട് പ്രവർത്തകരെ നിയന്ത്രിക്കാൻ എം എൽ എമാരായ അബിൻ വർക്കിയും സുധീർ ഷാ പാലോടും എത്തിയെങ്കിലും, അക്രമം തുടരുകയായിരുന്നു.
ഹോസ്റ്റലിനുള്ളിൽ നിന്നും സ്ഫോടക വസ്തുക്കൾ പുറത്തേക്ക് വന്നതോടെ, പോലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഹോസ്റ്റലിലേക്ക് ഇരച്ചുകയറി. ഹോസ്റ്റലിന്റെ വാതിൽക്കൽ നിൽക്കുകയായിരുന്ന വിദ്യാർത്ഥികൾക്ക് നേരെ പോലീസ് ആക്രമണം അഴിച്ചുവിട്ടു. പോലീസ് മർദ്ദനത്തിൽ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. പിന്നാലെ പരിക്കേറ്റ വിദ്യാർത്ഥികളെ ആശുപാത്രിയിലേക്ക് കൊണ്ടുപോയ വാഹനങ്ങൾ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞത് പ്രശ്നം വീണ്ടും വഷളാക്കി. ഇതോടെ, ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി, പി വിജയൻ നേരിട്ട് സ്ഥിതിഗതികൾ ശാന്തമാക്കാൻ രംഗത്തിറങ്ങി.
ഇതോടെ, യൂത്ത് കോൺഗ്രസ് പ്രവർത്തകർ പിൻവാങ്ങിയെങ്കിലും എസ് എഫ് ഐ- ഡി വൈ എഫ് ഐ പ്രവർത്തകർ സംഘടിച്ച് ഡി സി സി ഓഫീസിലേക്ക് മാർച്ച് നടത്തി. എസ് എഫ് ഐ സംസ്ഥാന നേതാക്കൾക്കും പോലീസ് ആക്രമണത്തിൽ പരിക്കേറ്റതായി ആരോപണമുണ്ട്. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, സിപിഎം നേതാക്കളായ വി ശിവൻകുട്ടി, വി ജോയ് എം എൽ എ എന്നിവർ പ്രവർത്തകരുമായി ആശയവിനിമയം നടത്തിയതൊടെ, സംഘർഷത്തിന് നേരിയ തോതിൽ അയവ് വന്നു. സംഘർഷത്തിൽ നിരവധി മാധ്യമ പ്രവർത്തകർക്കും പരിക്കേറ്റതായി റിപ്പോർട്ട് ഉണ്ട്.
യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിൽ നടന്ന പോലീസ് അതിക്രമം ഇടത് യുവജന- വിദ്യാർത്ഥി സംഘടനകൾ സംസ്ഥാന വ്യാപകമായി ചർച്ചയാക്കി. വിവിധ ജില്ലകളിൽ എസ് എഫ് ഐ, ഡി വൈ എഫ് ഐ പ്രവർത്തകർ രാത്രി പ്രതിഷേധ പ്രകടനങ്ങൾ നടത്തി. പോലീസ് നടപടിക്കെതിരെ ഇന്ന് (ഒക്ടോബർ 1) സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കിന് എസ് എഫ് ഐ ആഹ്വാനം നൽകി.
അതിനിടെ കോൺഗ്രസ് പ്രവർത്തകർ രാത്രി മാരാർജി ഭവൻ ആക്രമിച്ചതായി ബിജെപി ആരോപിച്ചു. ബൈക്കിലെത്തിയ സംഘം ബിജെപി ആസ്ഥാനത്തേക്ക് ബീയർ കുപ്പി വലിച്ചെറിയുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. കോൺഗ്രസ് ക്രിമിനലുകളെ നിലയ്ക്കു നിർത്തിയില്ലെങ്കിൽ അതേ നാണയത്തിൽ തിരിച്ചടിക്കും എന്ന് ബിജെപിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

