തിരുവനന്തപുരം : തദ്ദേശ ഉപതെരഞ്ഞെടുപ്പുകളിൽ എൽഡിഎഫിന് മികച്ച നേട്ടമുണ്ടാക്കാനായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ . കോട്ടയത്തെ തൃക്കൊടിത്താനം ഡിവിഷനിലെ എൽഡിഎഫ് വിജയം ഇതിലെ പ്രധാനപ്പെട്ട ഒന്നാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 38 തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എം.വി. ഗോവിന്ദൻ .
‘ കോട്ടയത്തെ തൃക്കൊടിത്താനം ഡിവിഷനിൽ കഴിഞ്ഞ തവണ യുഡിഎഫ് 748 വോട്ടുകൾക്കാണ് വിജയിച്ചിരുന്നതെങ്കിൽ, ഇത്തവണ എൽഡിഎഫ് 2,940 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഇതൊരു വലിയ ഭൂരിപക്ഷത്തോടെയുള്ള വിജയമാണ്. പാലക്കാട്ടെ പല്ലശ്ശന ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ കഴിഞ്ഞ തവണ എൽഡിഎഫ് 7,085 വോട്ടുകൾക്കാണ് വിജയിച്ചത്. ഇത്തവണ 1,658 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. പുതുതായി പിടിച്ചെടുത്ത ഇടങ്ങളിൽ മാത്രമല്ല, നേരത്തെ വിജയിച്ചിരുന്ന ഇടങ്ങളിലും വലിയ ഭൂരിപക്ഷം നേടാൻ ഞങ്ങൾക്ക് സാധിച്ചു.
കല്ലറ ഡിവിഷൻ പരിശോധിച്ചാൽ, കഴിഞ്ഞ തവണ യുഡിഎഫ് 5,683 വോട്ടുകൾക്കാണ് വിജയിച്ചത്. എന്നാൽ, ഇത്തവണ ആ ഭൂരിപക്ഷം 3,019 വോട്ടുകളായി കുറഞ്ഞു. ബിജെപിയുമായുള്ള ധാരണയാണ് കല്ലറയിൽ യുഡിഎഫിന്റെ വിജയത്തിന് സഹായിച്ചതെന്ന് വ്യക്തമാണ്.
കഴിഞ്ഞ തവണ ഇവിടെ ബിജെപിക്ക് 10,081 വോട്ടുകൾ ലഭിച്ചിരുന്നുവെങ്കിൽ, ഇത്തവണ അത് 5,828 ആയി കുറഞ്ഞു. ബിജെപിയുടെ വോട്ടുകളിൽ 4,155-ന്റെ കുറവുണ്ടായ സാഹചര്യത്തിലാണ് യുഡിഎഫ് 3,019 വോട്ടുകൾക്ക് വിജയിച്ചത്. ബിജെപി വോട്ടുകൾ യുഡിഎഫിന് അനുകൂലമായി മാറുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
ബ്ലോക്ക് പഞ്ചായത്തുകളുടെ കാര്യം പരിശോധിച്ചാൽ, ഏഴ് ബ്ലോക്ക് പഞ്ചായത്തുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ തവണ മൂന്ന് സീറ്റുകളുണ്ടായിരുന്ന എൽഡിഎഫ് ഇപ്പോൾ അഞ്ച് സീറ്റുകളായി എണ്ണം വർധിപ്പിച്ചു,” എം.വി. ഗോവിന്ദൻ പറഞ്ഞു

