പത്തനംതിട്ട: കോഴഞ്ചേരിക്കടുത്ത് മാരമണിലുള്ള റിസോർട്ടിൽ 20 കാരിയായ റിസപ്ഷനിസ്റ്റ് കുത്തേറ്റ് മരിച്ചു. കുളത്തൂപ്പുഴ സ്വദേശിയായ ദിൽഷയാണ് കൊല്ലപ്പെട്ടത്.സംഭവത്തിൽ യുവതിയുടെ സുഹൃത്ത് കീഴുകര സ്വദേശിയായ ജിത്തുവിനെ പോലീസ് അറസ്റ്റ് ചെയ്തു. സെപ്റ്റംബർ 11-നാണ് ദിൽഷ റിസോർട്ടിൽ ജോലിക്ക് പ്രവേശിച്ചത്.
ഉച്ചയോടെയായിരുന്നു സംഭവം . ജിത്തു റിസോർട്ട് കെട്ടിടത്തിന് സമീപമെത്തി ദിൽഷയെ പുറത്തേയ്ക്ക് വിളിക്കുകയായിരുന്നു . ഇരുവരും ഏകദേശം 10 മിനിറ്റോളം സംസാരിച്ചതായും, ഇതിനിടെ വാക്കുതർക്കമുണ്ടാകുകയും , തുടർന്ന് ജിത്തു കത്തി ഉപയോഗിച്ച് ദിൽഷയെ ആക്രമിക്കുകയുമായിരുന്നു.
ആക്രമണത്തിനിടെ ഇയാൾ ദിൽഷയുടെ കഴുത്തിൽ പലതവണ കുത്തിയതായി ദൃക്സാക്ഷികൾ പറഞ്ഞു. ‘ അവൾ തന്നെ വഞ്ചിച്ചുവെന്ന് ‘ വിളിച്ചുപറയുന്നുണ്ടായിരുന്നു. ആക്രമണത്തിന് ഉപയോഗിച്ച കത്തി ജിത്തു ഓൺലൈനായി വാങ്ങിയതാണാണെന്നാണ് വിവരം.
ആക്രമണത്തിന് ശേഷം നാട്ടുകാർ ചേർന്നാണ് ജിത്തുവിനെ സംഭവസ്ഥലത്തുവെച്ച് കീഴ്പ്പെടുത്തിയത് . തുടർന്ന് അടുത്തുള്ള മരത്തിൽ കെട്ടിയിടുകയും, പോലീസ് എത്തിയപ്പോൾ കൈമാറുകയുമായിരുന്നു. തുടർന്ന് വൈദ്യപരിശോധനയ്ക്കായി ജിത്തുവിനെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി.ദിൽഷയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിക്കുമ്പോൾ ജീവനുണ്ടായിരുന്നുവെങ്കിലും അല്പസമയത്തിനുള്ളിൽ മരിച്ചു . മൃതദേഹം കോഴഞ്ചേരി ആശുപത്രിയിലേക്ക് മാറ്റി.
ദിൽഷയും ജിത്തുവും തമ്മിലുണ്ടായിരുന്ന പ്രണയ ബന്ധം അവസാനിച്ചതിനെത്തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിനിടയാക്കിയതെന്നാണ് സൂചന. ദിൽഷ ബന്ധം തുടരാൻ താല്പര്യം പ്രകടിപ്പിക്കാത്തതിലുള്ള പക മൂലമാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറയുന്നു. ദിൽഷയെ ആക്രമിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ജിത്തു റിസോർട്ടിലെത്തിയതെന്നും സൂചനയുണ്ട്.

