തിരുവനന്തപുരം : യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം നടന്ന ആദ്യ ഉപതെരഞ്ഞെടുപ്പിൽ മുന്നണിക്ക് തിരിച്ചടി . പല സീറ്റുകളും എൽഡിഎഫിന് വിട്ടുകൊടുക്കേണ്ടി വന്നതിനൊപ്പം, നിലനിർത്താൻ സാധിച്ച സീറ്റുകളിൽ ഭൂരിപക്ഷത്തിലും വലിയ കുറവുണ്ടായി.
തിരുവനന്തപുരത്തെ ചിറയിൻകീഴ് മണ്ഡലം വർഷങ്ങളായി എൽഡിഎഫിന്റെ ശക്തികേന്ദ്രമായിരുന്നു. എന്നാൽ, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത വിജയത്തിലൂടെ രമ്യ ഹരിദാസ് ഈ സീറ്റ് എൽഡിഎഫിൽ നിന്ന് പിടിച്ചെടുത്തു. രമ്യ വിജയിക്കുമെന്ന് യുഡിഎഫ് നേതാക്കൾ പോലും പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ , സർക്കാർ അധികാരമേറ്റ് നൂറ് ദിവസത്തിനുള്ളിൽ തന്നെ മണ്ഡലത്തിലെ വോട്ടർമാർ യുഡിഎഫിൽ നിന്ന് അകലുന്നതായാണ് സൂചന.
മണ്ഡലത്തിന് കീഴിലുള്ള മംഗലാപുരം, അഞ്ചുതെങ്ങ് എന്നീ പ്രദേശങ്ങൾ യുഡിഎഫിന് നഷ്ടമായി. രമ്യ ഹരിദാസുമായി ബന്ധപ്പെട്ട കയ്യാങ്കളി ആരോപണങ്ങൾ ഈ മേഖലയിൽ യുഡിഎഫിന് കനത്ത തിരിച്ചടിയായെന്നാണ് വിലയിരുത്തൽ . യുഡിഎഫ് നേതാക്കൾ തന്നെ ഇക്കാര്യം സമ്മതിച്ചിട്ടുമുണ്ട്.
തിരുവനന്തപുരത്ത് എൽഡിഎഫാണ് നിലവിൽ മേൽക്കൈ നേടിയിരിക്കുന്നത് . വർക്കല ബ്ലോക്ക് പഞ്ചായത്തിലെ ഓട്ടൂർ ഡിവിഷനിലെ വിജയം സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം നിർണ്ണായകമാണ്. നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത്, സിപിഎം കൗൺസിലറായിരുന്ന സ്മിത സുന്ദരേശൻ പാർട്ടി വിട്ട് ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചത് സിപിഎമ്മിന് വലിയ തിരിച്ചടിയായിരുന്നു.
ഉപതെരഞ്ഞെടുപ്പിൽ 925 വോട്ടിന്റെ ഭൂരിപക്ഷത്തോടെ എൽഡിഎഫ് ഈ ഡിവിഷൻ നിലനിർത്തി. എൽഡിഎഫ് സ്ഥാനാർത്ഥി 2,622 വോട്ടുകൾ നേടിയപ്പോൾ, രണ്ടാം സ്ഥാനത്തെത്തിയ എൻഡിഎയ്ക്ക് 1,697 വോട്ടുകൾ മാത്രമേ ലഭിച്ചുള്ളൂ. യുഡിഎഫിന് 1,198 വോട്ടുകൾ മാത്രമേ നേടാനായുള്ളൂ.

