കോഴിക്കോട്: റേഞ്ച് റോവർ കാറിലെ യാത്രയുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി മന്ത്രി കെ.എം. ഷാജി . മന്ത്രി ഉപയോഗിക്കുന്ന വാഹനം മിനിസ്റ്റീരിയൽ വെഹിക്കിൾ ആയി മാറുമെന്നും നിയമം അനുശാസിക്കുന്നത് അതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഔദ്യോഗിക വാഹനങ്ങള്വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് നിയമം വിലക്കുന്നുണ്ടെങ്കിലും, സർക്കാർ ആവശ്യങ്ങൾക്കായി സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുന്നതിൽ നിയമപരമായി തെറ്റൊന്നുമില്ലെന്ന് ഷാജി പറഞ്ഞു.
തനിക്കെതിരെ സിപിഎം സൈബർ വിഭാഗം പ്രചാരണം അഴിച്ചുവിട്ടതായും അദ്ദേഹം പറഞ്ഞു. ബാർ ഉടമയ്ക്കൊപ്പം മന്ത്രി കെ.എം. ഷാജി നിൽക്കുന്നതായി അവകാശപ്പെടുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. എന്നാൽ, അതേ വ്യക്തി പിണറായി വിജയനും എ.എൻ. ഷംസീറിനുമൊപ്പവും ചിത്രങ്ങളുമുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
റേഞ്ച് റോവർ വിവാദത്തിൽ മാധ്യമങ്ങൾക്കെതിരെയും ഷാജി രൂക്ഷവിമർശനം ഉന്നയിച്ചു. മാധ്യമങ്ങൾ വിഷയം ഏകപക്ഷീയമായാണ് റിപ്പോർട്ട് ചെയ്തതെന്ന് അദ്ദേഹം ആരോപിച്ചു. മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച, താൻ റേഞ്ച് റോവറിൽ ചാരിനിൽക്കുന്ന ചിത്രം വ്യാജമാണ് . എ ഐ ചിത്രമാണിത് .
ചിത്രം പ്രസിദ്ധീകരിക്കുന്നതിന് മുൻപ് അതിന്റെ ആധികാരികത പരിശോധിക്കാൻ മാധ്യമങ്ങൾ തയ്യാറാകണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.കാർ ഉപയോഗിച്ചത് എന്തെങ്കിലും ധാർമ്മിക പ്രശ്നങ്ങൾ ഉയർത്തുന്നുണ്ടോ എന്ന് പരിശോധിക്കണം . വിവാദം പാർട്ടി പ്രവർത്തകരെ വിഷമിപ്പിച്ചു എന്നതിൽ മാത്രമാണ് തനിക്ക് ആശങ്കയുള്ളതെന്നും അദ്ദേഹം പറഞ്ഞു.

