കണ്ണൂർ: ചൊക്ലി സ്വദേശിയായ ശിവസൂര്യയെ കാണാതായ സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല . ക്രൈംബ്രാഞ്ച് മേധാവിയെ ഫോണിൽ വിളിച്ചാണ് അദ്ദേഹം ഇക്കാര്യം നിർദ്ദേശിച്ചത്. അന്വേഷണം ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി പരാതി നൽകിയതിനെത്തുടർന്നാണ് നടപടി. 17-കാരനായ ശിവസൂര്യയെ കാണാതായിട്ട് 49 ദിവസങ്ങൾ പിന്നിടുകയാണ്.
ഈ കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് ശിവസൂര്യയുടെ കുടുംബവും ആവശ്യപ്പെട്ടിരുന്നു. ശിവസൂര്യ ഒളിവില്‍ പോകുന്നതിന് മറ്റാരെങ്കിലും സഹായിച്ചിട്ടുണ്ടാകാമെന്ന് കുടുംബം സംശയിക്കുന്നു. ആരെങ്കിലും കുട്ടിയെ ഒളിവില്‍ കഴിയാന്‍ സഹായിക്കുന്നുണ്ടാകാമെന്നും അവർ കരുതുന്നു. ഈ സാധ്യതയെക്കുറിച്ചും അന്വേഷിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.
അന്വേഷണ സംഘം ഇതുവരെ 200-ലധികം സിസിടിവി ക്യാമറകൾ പരിശോധിച്ചെങ്കിലും ഒരിടത്തും ശിവസൂര്യയുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടില്ല. കുട്ടിയെ കണ്ടെത്താനായി വാരണാസിയിലേക്ക് പോയ പോലീസ് സംഘം തിരിച്ചെത്തി. ഒരാഴ്ചയോളം തിരച്ചിൽ നടത്തിയിട്ടും കുട്ടിയെക്കുറിച്ചുള്ള യാതൊരു വിവരവും കണ്ടെത്താൻ സംഘത്തിന് കഴിഞ്ഞില്ല. ഉത്തർപ്രദേശ് പോലീസിന്റെ സഹായത്തോടെ നൂറിലധികം സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ ഉദ്യോഗസ്ഥർ പരിശോധിച്ചിരുന്നു.
കുടുംബം മൊബൈൽ ഫോൺ എടുത്തുമാറ്റിയതിനെത്തുടർന്ന് ഓഗസ്റ്റ് 8-നാണ് ശിവസൂര്യ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയത്. പോകുന്നതിന് മുൻപ്, താൻ കാശിയിലേക്ക് പോവുകയാണെന്ന് വ്യക്തമാക്കുന്ന ഒരു കുറിപ്പ് ശിവസൂര്യ എഴുതിവെച്ചിരുന്നു. 3,000 രൂപയും രണ്ട് ജോഡി വസ്ത്രങ്ങളും കൈവശം കരുതിയിരുന്നു. പാലക്കാട്, കൊല്ലം, കോഴിക്കോട്, കാസർകോട് എന്നിവിടങ്ങളിലും കർണാടകയിലെ മംഗളൂരു, മൈസൂരു എന്നിവിടങ്ങളിലും പോലീസ് സംഘം തിരച്ചിൽ നടത്തിയെങ്കിലും യാതൊരു സൂചനയും ലഭിച്ചില്ല. ചൊക്ലി രാമവിലാസം സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് ശിവസൂര്യ.

