മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ കപ്പൽശാല മഹാരാഷ്ട്രയിൽ ഒരുങ്ങുന്നു . റായ്ഗഡ് ജില്ലയിലുള്ള ദിഗി തുറമുഖത്ത് ‘ഗ്രീൻഫീൽഡ്’ കപ്പൽ നിർമ്മാണ ക്ലസ്റ്റർ വികസിപ്പിക്കുന്നതിനായി മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് ലിമിറ്റഡ് ഏകദേശം 27,000 കോടി രൂപയാണ് നിക്ഷേപിക്കുക. ഫഡ്നാവിസ് സർക്കാരാണ് പദ്ധതി പ്രഖ്യാപിച്ചത്. പദ്ധതിയിലൂടെ 90,000-ത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് വിവരം.
ഫഡ്നാവിസിന്റെ സാന്നിധ്യത്തിൽ, പ്രതിരോധ മേഖലയിലെ പൊതുമേഖലാ സ്ഥാപനമായ MDL, നാഷണൽ ഷിപ്പ് ബിൽഡിംഗ് ആൻഡ് ഹെവി ഇൻഡസ്ട്രീസ് പാർക്ക് മഹാരാഷ്ട്ര ലിമിറ്റഡുമായി പദ്ധതിക്കായി ധാരണാപത്രത്തിൽ ഒപ്പുവെച്ചു. കരാർ പ്രകാരം, ദിഗിയിൽ പ്രതിവർഷം കുറഞ്ഞത് 2 ദശലക്ഷം ഗ്രോസ് ടൺ കപ്പൽ നിർമ്മാണ ശേഷി കൈവരിക്കാനാണ് ലക്ഷ്യമിടുന്നത്. വലിയ വാണിജ്യ കപ്പലുകളുടെ നിർമ്മാണത്തെ പിന്തുണയ്ക്കാനും ഇന്ത്യയുടെ സമുദ്ര-വ്യാവസായിക ശേഷി ശക്തിപ്പെടുത്താനും ഇത് വഴി സാധിക്കും.
പദ്ധതിക്കായി രൂപീകരിച്ച പ്രത്യേക കമ്പനിയായ NSHIPML വഴി മഹാരാഷ്ട്ര മാരിടൈം ബോർഡും മുംബൈ പോർട്ട് അതോറിറ്റിയും ചേർന്നാണ് ഈ ഗ്രീൻഫീൽഡ് ക്ലസ്റ്റർ വികസിപ്പിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ ‘ഗ്രീൻഫീൽഡ് ഷിപ്പ് ബിൽഡിംഗ് ക്ലസ്റ്റർ വികസന പദ്ധതി’ക്ക് കീഴിലാണ് ഈ സംരംഭം നടപ്പിലാക്കുന്നത്. കപ്പൽ നിർമ്മാണം, കപ്പൽ പൊളിക്കൽ, കപ്പൽ പുനരുപയോഗം കപ്പൽ അറ്റകുറ്റപ്പണി എന്നിവയും ഇവിടെ നടക്കും.

