ജെറുസലേം : യമനിലെ ചെങ്കടൽ തീരത്തിന്റെയും ബാബ്-എൽ-മൻഡെബ് കടലിടുക്കിന്റെയും ഭൂരിഭാഗം പ്രദേശങ്ങളും കഴിഞ്ഞ ആഴ്ച ഹൂതി വിമതർ പിടിച്ചെടുത്തതിനെത്തുടർന്ന് കടുത്ത പ്രതിസന്ധിയിൽ സൗദി അറേബ്യ . സൗദിയുടെ സഖ്യകക്ഷികൾ – പ്രത്യേകിച്ച് ‘മക്ക കരാറിലെ’ പങ്കാളിയായ പാകിസ്ഥാൻ – തുർക്കി എന്നീ രാജ്യങ്ങൾ പ്രതിസന്ധിയിൽ ഇടപെടാൻ വിസമ്മതിച്ചതായി റിപ്പോർട്ടുകളുണ്ട്. ഈ സാഹചര്യത്തിൽ, ഇസ്രായേലിന്റെ സഹായം തേടാൻ ഒരുങ്ങുകയാണ് സൗദി .
‘ജെറുസലേം പോസ്റ്റ്’ പത്രത്തിന്റെ റിപ്പോർട്ട് പ്രകാരം, രഹസ്യാന്വേഷണ വിവരങ്ങൾ കൈമാറിക്കൊണ്ട് ഹൂതി സൈനിക നീക്കങ്ങളെ പ്രതിരോധിക്കാൻ സൗദിയെ സഹായിക്കുന്നതിനായി യുഎസ് സെൻട്രൽ കമാൻഡിന്റെ മധ്യസ്ഥതയിൽ ഇസ്രായേലും സൗദി അറേബ്യയും ചർച്ചകൾ നടത്തിയിരുന്നു.ഹൂതികളുടെ ആക്രമണത്തെ നേരിടാൻ മറ്റ് ഗൾഫ് രാജ്യങ്ങളോടും ഈജിപ്തിനോടും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ സഹായം അഭ്യർത്ഥിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
ബാബ്-എൽ-മൻഡെബ് കടലിടുക്കിനുനേരെയുള്ള ഭീഷണികളെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരങ്ങൾക്കായി, സൗദി യുഎസ് സെന്റകോം വഴി ഇസ്രായേലിനെ പരോക്ഷമായി സമീപിച്ചതായാണ് വിവരം. അതേസമയം സൗദിയുടെ അഭ്യർത്ഥനകൾക്ക് കാര്യമായ പ്രതികരണമൊന്നും ലഭിച്ചിട്ടില്ല. യമനിലെ ‘അൻസാർ അള്ളാ’ വിമതർക്കെതിരെ നേരിട്ടുള്ള ആക്രമണം നടത്തില്ലെന്ന് യുഎസും യുകെയും വ്യക്തമാക്കിയിട്ടുണ്ട്. പകരം രഹസ്യാന്വേഷണ സഹായവും സൈനിക ഉപദേഷ്ടാക്കളെ വിട്ടുനൽകുന്നതുമായ സഹായങ്ങളാണ് അവർ വാഗ്ദാനം ചെയ്തത്.

