2019 ഫെബ്രുവരി 17ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനെയും രാഷ്ട്രീയ വൈരാഗ്യം മൂലം ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തവും 4 സിപിഎം നേതാക്കൾക്ക് അഞ്ച് വർഷം തടവും കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി വിധിച്ചു. ഒന്ന് മുതൽ എട്ട് വരെ പ്രതികളായ എ പീതാംബരൻ, സജി സി ജോർജ്, കെ എം സുരേഷ്, കെ അനിൽകുമാർ, ഗിജിൻ, ആർ ശ്രീരാഗ്, എ അശ്വിൻ, സുബീഷ്, പത്താം പ്രതി ടി. രഞ്ജിത്ത്, 15-ാം പ്രതി എ സുരേന്ദ്രൻ എന്നിവർക്കാണ് ഇരട്ട ജീവപര്യന്തം. ഇതിൽ പീതാംബരൻ സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗമാണ്.
മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ ഉൾപ്പെടെ 4 സിപിഎം നേതാക്കൾക്ക് 5 വർഷം തടവും 1000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. പിഴ തുക കൃപേഷിന്റെയും ശരത്ലാലിന്റേയും കുടുംബത്തിന് കൈമാറണമെന്നും കോടതി വിധിയിൽ പറയുന്നു. ആറുവർഷം നീണ്ട നിയമപോരാട്ടത്തിനും 20 മാസത്തോളം നീണ്ട വിചാരണയ്ക്കും ശേഷമാണ് കേരള രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ടിച്ച പെരിയ ഇരട്ടക്കൊലക്കേസിൽ വിധി വന്നിരിക്കുന്നത്. ഒന്നാം പ്രതി എ പീതാംബരൻ ഉൾപ്പടെ 10 പ്രതികൾക്കെതിരെ കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം സൃഷ്ടിക്കൽ, തടഞ്ഞുവയ്ക്കൽ എന്നീ കുറ്റങ്ങളാണ് തെളിയിക്കപ്പെട്ടിരിക്കുന്നത്.
കൊലപാതകത്തിന് കാരണം രാഷ്ട്രീയ വൈരമല്ലെന്നും വ്യക്തിപരവും പ്രാദേശികവുമായ തർക്കങ്ങളാണെന്നുമുള്ള പതിവ് നരേറ്റീവാണ് കേസിൽ തുടക്കം മുതൽ സിപിഎം എടുത്ത് പ്രയോഗിച്ചത്. സിപിഎം ആക്രമണങ്ങൾക്ക് ഇരകളാക്കപ്പെടുന്നവർക്ക് മേൽ ചുമത്തുന്ന പതിവ് ചാപ്പയായ കളങ്കിത വ്യക്തിത്വങ്ങൾ എന്ന പ്രയോഗം കൊലപാതകത്തിന് ശേഷം ശരത് ലാലിനും കൃപേഷിനുമെതിരെ ചാർത്താനും പാർട്ടി മറന്നില്ല. ദേശാഭിമാനിയും കൈരളി ടിവിയും പോരാളി ഷാജിമാരും ഇക്കാര്യത്തിൽ ആവത് പണിയെടുത്തു. എന്നാൽ കേസിൽ സിബിഐ വന്നതോടെ സിപിഎം ക്യാപ്സ്യൂളുകൾ വെറും നീർക്കുമിളകളായി ചീറ്റിപ്പോയി.
രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് മുന്നിൽ വഴങ്ങാതെ കേസിൽ അന്വേഷണവുമായി സിബിഐ സധൈര്യം മുന്നോട്ട് പോയപ്പോൾ കാസർകോട്ടെ പാർട്ടിയുടെ പ്രധാന നേതാക്കളുടെയെല്ലാം പാച്ചിൽ കനലിന്മേലായി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം, ഏരിയ സെക്രട്ടറി, ലോക്കൽ സെക്രട്ടറി, ലോക്കൽ കമ്മറ്റി അംഗം ,ബ്രാഞ്ച് അംഗം തുടങ്ങി പാർട്ടിയുടെ ഏതാണ്ട് എല്ലാ നിരയിലുമുള്ള നേതാക്കൾ കുറ്റക്കാരാണെന്ന് കോടതിയിൽ തെളിഞ്ഞു. എന്ത് നെറികേട് കാട്ടിയാലും പാർട്ടിയുടെ തണലിൽ സർവ്വതന്ത്ര സ്വാതന്ത്ര്യത്തോടെ വിഹരിക്കാമെന്ന സിപിഎം നേതാവും ഉദുമ മുൻ എംഎൽഎയുമായ കെ വി കുഞ്ഞിരാമൻ, ഉദുമ സി പി എം മുൻ ഏരിയ സെക്രട്ടറി കെ മണികണ്ഠൻ തുടങ്ങി ഛോട്ടാ നേതാക്കളിലും അണികളിലും വരെ ഉണ്ടായിരുന്ന ആത്മവിശ്വാസമാണ് ഇതോടെ ആവിയായത്.
ബിരുദം പൂർത്തിയാക്കണമെന്നും പട്ടാളക്കാരൻ ആകാൻ ആഗ്രഹിച്ചിരുന്നുവെന്നുമുള്ള ഏഴാം പ്രതി അശ്വിന്റെയും, വയോധികനാണെന്നും പ്രായമുള്ള അമ്മയെ നോക്കണമെന്നുമുള്ള മുൻ എംഎൽഎ കെ വി കുഞ്ഞിരാമന്റെയും അഭ്യർത്ഥനകൾ കോടതിയിൽ വനരോദനങ്ങളായി. ആയുസ്സിന്റെ കാൽഭാഗം പോലും പൂർത്തീകരിക്കാത്ത രണ്ട് ചെറുപ്പക്കാരുടെ ജീവിക്കാനുള്ള അവകാശം ഇരുട്ടിന്റെ മറവിൽ പത്താളുടെ തുണയിൽ എന്നെന്നേക്കുമായി കൊത്തിയരിയപ്പെട്ടതിനോളം വലുതല്ലല്ലോ ഈവക ന്യായങ്ങളൊന്നും.!
പ്രതികളായ സഖാക്കളെ രക്ഷിക്കാൻ സംസ്ഥാന സർക്കാർ നടത്തിയ ശ്രമങ്ങൾ ഓരോന്നോരോന്നായി പൊളിഞ്ഞ് വീണു. കൊലപാതകത്തിന് കാരണം രാഷ്ട്രീയ വൈരമല്ലെന്നും വ്യക്തിപരവും പ്രാദേശികവുമായ തർക്കങ്ങളാണെന്നുമുള്ള പതിവ് നരേറ്റീവുകൾ കൈരളിയിൽ പോലും ചിലവായില്ല. കൃപേഷും ശരത്ലാലും ക്രിമിനൽ കേസ് പ്രതികളാണെന്നും സിപിഎം നേതാക്കളെ വധിക്കാൻ ശ്രമിച്ച കേസിൽ ഉൾപ്പെടെ ഇവർക്ക് പങ്കുണ്ടെന്നും പലയാവർത്തി സിപിഎം സ്ഥാപിക്കാൻ ശ്രമിച്ചു. അങ്ങനെ ആണെങ്കിൽ പോലും, അവർക്ക് വധശിക്ഷ വിധിക്കാനും ഒട്ടും മനസ്സാക്ഷിക്കുത്ത് ഇല്ലാതെ അത് നടപ്പിലാക്കാനും സിപിഎം എന്ന പ്രസ്ഥാനം ആരാണെന്നും, ജനാധിപത്യ ഭരണസംവിധാനം നിലനിൽക്കുന്ന ഇന്ത്യാ മഹാരാജ്യത്ത് അവർക്ക് അതിനുള്ള അധികാരം ആരാണ് തീറെഴുതി നൽകിയതെന്നുമുള്ള ചോദ്യം ആർജ്ജവത്തോടെ തലയുയർത്തി നിന്ന് ചോദിക്കാൻ കേരളീയ പൊതുസമൂഹം പഠിച്ച് തുടങ്ങിയത് സിപിഎം ഇനി വായിച്ച് തുടങ്ങേണ്ടിയിരിക്കുന്നു.
ആദ്യം ലോക്കൽ പോലീസും പിന്നീട് ക്രൈം ബ്രാഞ്ചും അന്വേഷിച്ച കേസിൽ, അന്വേഷണങ്ങൾ പരമാവധി എത്തി നിന്നത് ഏരിയാ സെക്രട്ടറിയിൽ വരെ മാത്രമായിരുന്നു. കേസിലെ സിബിഐ അന്വേഷണം തടയാനുള്ള നീക്കത്തിന്റെ ഭാഗമായി, തിടുക്കപ്പെട്ട് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചുവെങ്കിലും ഹൈക്കോടതി കുറ്റപത്രം റദ്ദാക്കി കേസ് സിബിഐക്ക് കൈമാറിയതോടെ സിപിഎമ്മിന്റെ രക്ഷാകവചം ഛേദിക്കപ്പെട്ടു. സിബിഐ അന്വേഷണത്തെ എതിർത്ത് സുപ്രീകോടതി വരെ പോയെങ്കിലും നാണം കെട്ട് മടങ്ങാനായിരുന്നു സർക്കാരിന്റെ യോഗം.
രാജ്യത്ത് ഏറ്റവും കൂടുതൽ രാഷ്ട്രീയ പ്രബുദ്ധതയുള്ള ജനങ്ങൾ ജീവിക്കുന്നു എന്ന് ഊറ്റം കൊള്ളുന്ന കേരളത്തിന് എന്നും അപമാനമാണ് നിന്ദ്യവും നിഷ്ഠൂരവുമായ ഇത്തരം രാഷ്ട്രീയ കൊലപാതകങ്ങൾ എന്നത് പരിഹാസ്യവും ദയനീയവുമായ ഒരു യാഥാർത്ഥ്യമാണ്. ഇതിൽ ഏകപക്ഷീയമായി സിപിഎമ്മിനെ മാത്രം കുറ്റം പറയാനുമാവില്ല. മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ മുതൽ ഈർക്കിലി പാർട്ടികൾ വരെ ഇക്കാര്യത്തിൽ ഒട്ടും മോശമല്ല. ആശയത്തിന്റെയും പ്രത്യയശാസ്ത്രത്തിന്റെയും കാമ്പിലും കരുത്തിലും വിശ്വാസമില്ലാത്ത ക്രിമിനലുകൾ ഇത്തരം ചെയ്തികൾക്ക് ഇനി കച്ച മുറുക്കുമ്പോൾ ഒരു പുനർവിചിന്തനത്തിനെങ്കിലും കാരണമാകാൻ ഇത്തരം വിധികൾ കാരണമാകുമെങ്കിൽ നിസ്സംശയം പറയാം, ഇവ ആഘോഷിക്കപ്പെടേണ്ടതാണ്. പക്ഷേ ഇപ്പോഴും, പരോളിലിറങ്ങിയ കൊടി സുനിമാർ നമ്മുടെ നീതിന്യായ വ്യവസ്ഥിതിയെ നോക്കി പല്ലിളിക്കുന്നതും കാണാതിരുന്നുകൂടാ.