തിരുവനന്തപുരം : ഒന്നു മുതൽ പത്തുവരെ ക്ലാസുകളിൽ ഉള്ള വിദ്യാർത്ഥികൾക്ക് ഇനി ഫുൾ മാർക്ക് ലഭിക്കില്ല. സ്കൂൾ പരീക്ഷയും നിരന്തര മൂല്യനിർണയവും പരിഷ്കരിക്കാൻ ഒരുങ്ങി പൊതുവിദ്യാഭ്യാസ വകുപ്പ്. ഒന്നു മുതൽ 10 വരെ ക്ലാസുകളിലെ പരീക്ഷ രീതികളിലും മാറ്റം വരുത്തും.
ദേശീയ പ്രവേശന പരീക്ഷകളിൽ കേരളത്തിലെ കുട്ടികൾ പിന്തള്ളപ്പെടുന്ന സാഹചര്യത്തിലാണ് മൂല്യനിർണയത്തിൽ പുതിയ പരിഷ്കരണം നടത്താനായി പൊതു വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. കുട്ടികളുടെ വിശകലനശേഷി, അപഗ്രഥനം എന്നിവയിലുള്ള കഴിവ് വർദ്ധിപ്പിക്കുന്ന തരത്തിലാണ് ഇനിയുള്ള ചോദ്യപേപ്പർ ഉണ്ടാവുക.
ഇതുവഴി കുട്ടികളുടെ ചിന്താശേഷിയെ വികസിപ്പിക്കാൻ കഴിയും എന്നാണ് വിലയിരുത്തൽ.
റിസൾട്ട് മെച്ചപ്പെടുത്തുന്നതിനായി സംസ്ഥാനത്തെ 90% സ്കൂളുകളും അസൈൻമെന്റ്, സെമിനാറുകൾ, പ്രോജക്ട് എന്നിവ ഉൾപ്പെടുന്ന നിരന്തരം മൂല്യനിർണയത്തിന് മുഴുവൻ മാർക്കും നൽകാറുണ്ട് . എന്നാൽ ഇനിമുതൽ ഈ രീതികൾ ഉണ്ടാവില്ല. പകരം, കുട്ടികളുടെ അറിവിന്റെ നിലവാരവും, അർഹതയും നോക്കി മാത്രമേ പരീക്ഷകൾ വിജയിക്കാൻ ആവുകയുള്ളൂ. പാഠ്യപദ്ധതികൾ വിഭാവനം ചെയ്യുന്ന അടിസ്ഥാന ശേഷികൾ സ്കൂൾതലത്തിൽ ആർജിക്കാത്തതും, പരീക്ഷയുടെ നിലവാരം ഉയരാത്തതുമാണ് പുതിയ പരിഷ്കരണത്തിന്റെ മറ്റൊരു കാരണം.
പുതിയ ചോദ്യ രീതികൾ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനായി പരിഷ്കരിച്ച ചോദ്യങ്ങൾ ഏപ്രിൽ അവസാനത്തോടെ എസ് സി ഇ ആർ ടി യുടെ സൈറ്റിൽ അപ്ലോഡ് ചെയ്യും. കൂടാതെ നിരന്തര മൂല്യനിർണയം നിരീക്ഷിക്കുന്നതിനായി സമിതിയെ നിയോഗിക്കും. സംസ്ഥാനതലത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ, ജില്ലാതലത്തിൽ ഡി ഡി മാർ, ബി ആർ സി തലത്തിൽ എ ഇ ഒ മാർ എന്നിവരുടെ നേതൃത്വത്തിൽ ആയിരിക്കും സമിതി രൂപീകരിക്കുക. കൂടാതെ നിരന്തര മൂല്യനിർണയം കുറ്റമറ്റതാക്കാൻ മധ്യവേനലവധിക്കാലത്ത് അധ്യാപകർക്ക് പരിശീലനവും നൽകും.
ഓണം, ക്രിസ്മസ് വാർഷിക പരീക്ഷകളിൽ പിന്നോട്ട് നിൽക്കുന്ന കുട്ടികൾക്ക് പഠനത്തിൽ പിന്തുണ നൽകി വീണ്ടും പരീക്ഷ എഴുതാനുള്ള സാഹചര്യം ഒരുക്കും. വേനലവധിയിൽ ആയിരിക്കും പരീക്ഷ നടക്കുക. ഇതുവഴി കുട്ടികൾ പരീക്ഷയിൽ തോൽക്കുന്ന അവസ്ഥ ഒഴിവാക്കാനാവും എന്നാണ് വിലയിരുത്തൽ.