ഡബ്ലിൻ: അയർലൻഡിൽ ദുർബലരായ കുട്ടികളെ പരിചരിക്കാൻ അനുയോജ്യമായ കേന്ദ്രങ്ങൾ ഇല്ലെന്ന് കണ്ടെത്തൽ. ചൈൽഡ് ലോ പ്രൊജക്ടിന്റെ പുതിയ റിപ്പോർട്ടിലാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ. പരിചരണ കേന്ദ്രങ്ങൾ കുറയുന്നത് വലിയ ആശങ്ക സൃഷ്ടിക്കുന്ന ഒന്നാണെന്ന് ജില്ലാ കോടതി ജഡ്ജിമാർ വ്യക്തമാക്കി.
ഈ വർഷം ആദ്യപകുതിയിൽ 106 ശിശു സംരക്ഷണ കേസുകളുമായി ബന്ധപ്പെട്ട റിപ്പോർട്ട് ജില്ലാ കോടതി പരിശോധിച്ചു. ഇതിൽ ആറിൽ ഒരു കേസിൽ വീതം കുട്ടിയ്ക്ക് അനുയോജ്യമായ സ്ഥലം കണ്ടെത്താൻ ബുദ്ധിമുട്ട് നേരിടുന്നതായി കണ്ടെത്തി. പല കേസുകളിലും കുട്ടികളെ അനിയന്ത്രിതമായ പ്രത്യേക അടിയന്തിര ക്രമീകരണങ്ങളിലാണ് പാർപ്പിക്കുന്നത്. ചിലരെ ആവർത്തിച്ച് കാണാതാകുന്ന സംഭവങ്ങളും ലൈംഗിക ചൂഷണത്തിന് ഇരയാകുന്ന സംഭവങ്ങളും നിരവധിയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

