കാഠ്മണ്ഡു : നേപ്പാളിലെ വെള്ളപ്പൊക്കത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ സ്മരണയ്ക്കായി സെപ്റ്റംബർ 7 ന് ദേശീയ ദുഃഖാചരണ ദിനം ആചരിക്കും. മന്ത്രിസഭാ യോഗത്തിലാണ് നേപ്പാൾ സർക്കാർ ഈ തീരുമാനമെടുത്തത്. ഈ ദിവസം രാജ്യമെമ്പാടും ദുഃഖാചരണം നടത്തും. വിദേശത്തുള്ള നേപ്പാളി എംബസികളിലും നയതന്ത്ര ദൗത്യങ്ങളിലും ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനത്തിന് അംഗീകാരം ലഭിച്ചത്. ദുരന്തത്തിന് ശേഷമുള്ള 13-ാം ദിവസമാണ് മരിച്ചവരെ ആദരിക്കുന്നതിനായി ദേശീയ ദുഃഖാചരണ ദിനമായി സർക്കാർ തെരഞ്ഞെടുത്തത് . സർക്കാർ വക്താവും വിദ്യാഭ്യാസ മന്ത്രിയുമായ സസ്മിത് പൊഖാരെൽ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
നേപ്പാളിലെ എല്ലാ സർക്കാർ ഓഫീസുകളിലും, നേപ്പാളി പതാക പകുതി താഴ്ത്തിക്കെട്ടും. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിക്കുക എന്നതാണ് ഈ തീരുമാനത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. മാത്രമല്ല സെപ്റ്റംബർ 8 ന് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ അവധി ‘ജെൻ-ഇസഡ് പ്രസ്ഥാനത്തിന്റെ’ ഒന്നാം വാർഷികത്തോടനുബന്ധിച്ചാണ്. ജെൻ-ഇസഡ് പ്രസ്ഥാനത്തിനിടെ നിരവധി യുവാക്കൾക്ക് ജീവൻ നഷ്ടപ്പെട്ടതായി സർക്കാർ ചൂണ്ടിക്കാട്ടി.പ്രതിഷേധത്തിനിടെ പോലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ട യുവാക്കളുടെ സ്മരണയ്ക്കായാണ് പൊതു അവധി പ്രഖ്യാപിച്ചത്.
അതേസമയം, റസുവയിലെ ഭോട്ടെ കോശി നദിയിലുണ്ടായ വെള്ളപ്പൊക്കത്തെത്തുടർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്. നുവാക്കോട്ടിലെ ത്രിശൂലി-3എ ജലവൈദ്യുത പദ്ധതിക്ക് വെള്ളപ്പൊക്കത്തിൽ കനത്ത നാശനഷ്ടമുണ്ടായി. പദ്ധതിയുടെ തുരങ്കവും പ്രധാന ഘടനകളും അവശിഷ്ടങ്ങൾക്കടിയിൽ മൂടപ്പെട്ടിരിക്കുന്നു. തുരങ്കത്തിനുള്ളിൽ ആളുകൾ കുടുങ്ങിക്കിടക്കുകയാണെന്ന് ആശങ്കയുണ്ട്. നേപ്പാളി സൈന്യത്തിന്റെ നേതൃത്വത്തിലാണ് ഇവിടെ രക്ഷാപ്രവർത്തനം നടക്കുന്നത്.

